par

ന്യൂഡൽഹി: പാർലമെന്റ് ആക്രമണക്കേസിലെ മുഖ്യ ആസൂത്രകൻ ലളിത് ഝായുടെ സാമ്പത്തിക ഉറവിടം കണ്ടെത്താൻ കൊൽക്കത്ത കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്. കൊൽക്കത്തയിലെ രണ്ട് ബാങ്കുകളിലും ഫോൺ വിളിയുടെ വിശദാംശങ്ങൾ ലഭിക്കാൻ ബി.എസ്.എൻ.എൽ ആസ്ഥാനത്തും പൊലീസെത്തി. ലളിത് ഝായ്ക്ക് അക്കൗണ്ടുള്ള ഒരു പൊതുമേഖലാ ബാങ്കിലും, സ്വകാര്യ ബാങ്കിലുമെത്തിയ നാലംഗ പൊലീസ് സംഘം വിവരങ്ങൾ ശേഖരിച്ചു. ലളിത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നേരത്തേ പരിശോധന നടത്തിയിരുന്നു. ട്യൂഷനെടുത്താണ് ജീവിച്ചിരുന്നതെന്ന മൊഴിയാണ് ബന്ധുക്കളും അയൽവാസികളും നൽകിയത്. കൊൽക്കത്ത പൊലീസിന്റെ കൂടി സഹകരണത്തോടെയാണ് അന്വേഷണം. പാസുകൾ ലഭിക്കാൻ ശുപാർശ ചെയ്ത ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ മൊഴി ഇതുവരെ അന്വേഷണസംഘം രേഖപ്പെടുത്തിയില്ലെന്നാണ് സൂചന. ഇതിനെ പ്രതിപക്ഷവും ചോദ്യം ചെയ്യുന്നുണ്ട്.

സംഘടനകളെ കുറിച്ച് അന്വേഷണം

ലളിത് ഝായ്ക്ക് ബന്ധമുണ്ടായിരുന്ന സാമ്യബാധി സുബാഷ് ദൾ, റിസർവേഷൻ ഫ്രീ ഇന്ത്യ സംഘടനകളെ കുറിച്ച് കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യസേനയും അന്വേഷണം തുടങ്ങി. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന സംഘടനകളാണിത്. ലളിത് സജീവ പ്രവർത്തകനല്ലെന്ന മൊഴി ലഭിച്ചുവെന്നാണ് സൂചന. പക്ഷെ അത് പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. നിലാക്ഷ ഐച്ച് എന്ന പ്രവർത്തകനെ ചോദ്യം ചെയ്തു.

മാതാപിതാക്കളെ ചോദ്യം ചെയ്തു

ലളിതിന്റെ മാതാപിതാക്കളെ ബീഹാർ ധർഭംഗയിലെ വീട്ടിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തു. സ്വത്തുവകകളെ കുറിച്ചുള്ള വിവരങ്ങൾ അച്ഛൻ ദേവാനന്ദ് ഝായോട് തേടി.