ന്യൂഡൽഹി: മികച്ച സാഹിത്യ നിരൂപണത്തിനുള്ള ഇക്കൊല്ലത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം ഇ.വി. രാമകൃഷ്‌ണന്റെ 'മലയാള നോവലിന്റെ ദേശകാലങ്ങൾ' എന്ന കൃതിക്ക്. ഫലകവും ഷാളും ഒരു ലക്ഷം രൂപയും അടങ്ങുന്ന അവാർഡ് മാർച്ച് 12ന് അക്കാഡമി ആസ്ഥാനത്ത് വിതരണം ചെയ്യുമെന്ന് അദ്ധ്യക്ഷൻ മാധവ് കൗശിക് അറിയിച്ചു.

ഡോ. പി.എസ്. രാധാകൃഷ്‌ണൻ, സുബാഷ് ചന്ദ്രൻ, ഡോ. ജോർജ്ജ് ഒാണക്കൂർ എന്നിവരടങ്ങിയ ജൂറിയാണ് പുസ്‌തകം തിരഞ്ഞെടുത്തത്. 24 ഭാഷകളിലെ 9 കവിതാ സമാഹാരം, ആറ് നോവലുകൾ, അഞ്ച് ചെറുകഥാ സമാഹാരം, മൂന്ന് ഉപന്യാസങ്ങൾ, ഒരു സാഹിത്യ നിരൂപണം എന്നിവയാണ് ഈ വർഷത്തെ അവാർഡിന് അർഹമായത്.

മലയാളത്തിലും ഇംഗ്ളീഷിലും എഴുതുന്ന കണ്ണൂർ വിളയാങ്കോട് സ്വദേശിയായ ഇ.വി. രാമകൃഷ്‌ണൻ 42 വർഷത്തെ അദ്ധ്യാപന ജീവിതത്തിന് ശേഷം 2015ൽ ഗുജറാത്ത് ഗാന്ധിനഗർ കേന്ദ്ര സർവകലാശാലയിൽ നിന്ന് വിരമിച്ചു. തുടർന്ന് അവിടെ പ്രൊഫസർ എമരിറ്റസായി. 'അക്ഷരവും ആധുനികതയും' എന്ന കൃതിക്ക് 1995ൽ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ഭാര്യ ഗൗരി.