
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ദളിത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ 'ഇന്ത്യ' സഖ്യത്തിൽ ഭിന്നത. സീറ്റ് വിഭജനത്തിലും പല പാർട്ടികൾക്കും ബുദ്ധിമുട്ടുകളുണ്ട്.
ദളിത് പ്രധാനമന്ത്രി വേണമെന്ന തൃണമൂൽ നേതാവ് മമത ബാനർജിയുടെയും ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെയും നിർദ്ദേശത്തെ ജെ.ഡി.യുവും ആർ.ജെ.ഡിയും എതിർത്തെന്നാണ് സൂചന. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഗണിക്കണമെന്ന ജെ.ഡി.യു ആവശ്യത്തെ ആർ.ജെ.ഡി പിന്താങ്ങിയിരുന്നു. ഭിന്നതയെ തുടർന്നാണ് ഡൽഹിയിലെ ഇന്ത്യ യോഗത്തിൽ തീരുമാനമെടുക്കാതിരുന്നത്. ഖാർഗെയെ മാദ്ധ്യമങ്ങൾ ആഘോഷിച്ചതോടെ നിതീഷ് കുമാറും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും യോഗതീരുമാനങ്ങൾ വിശദീകരിച്ച പത്രസമ്മേളനം ബഹിഷ്‌കരിച്ചു. ഭൂരിപക്ഷം നേടുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രിയെ പിന്നീട് നിശ്ചയിക്കുമെന്നുമാണ് ഖാർഗെ പത്രസമ്മേളനത്തിൽ പറഞ്ഞത്.
തൃണമൂലുമായി സംഖ്യമില്ലെന്ന് സി.പി.എം
ബംഗാളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ മമതാ ബാനർജിയുടെ സഖ്യവാഗ്ദാനം തള്ളി സി.പി.എം. ബംഗാളിൽ കോൺഗ്രസിനും മറ്റ് മതേതര പാർട്ടികൾക്കുമൊപ്പം മത്സരിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെയും തൃണമൂലിനെയും തോൽപ്പിക്കുകയാണ് ലക്ഷ്യം.
വാരാണസിയിൽ നിതീഷോ പ്രിയങ്കയോ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ പ്രമുഖരെ നിർത്താൻ 'ഇന്ത്യ' മുന്നണി നീക്കം. നിതീഷ് കുമാറിന്റെയും പ്രിയങ്ക ഗാന്ധിയുടെയും പേരുകളാണ് കേൾക്കുന്നത്. അവർ തയ്യാറല്ലെങ്കിൽ 2014ലേതു പോലെ കേജ്‌രിവാളിനോട് മത്സരിക്കാൻ ആവശ്യപ്പെടും. 2004 ഒഴികെ 1991 മുതൽ തുടർച്ചയായി ബി.ജെ.പി ജയിക്കുന്ന മണ്ഡലമാണ് വാരാണസി. 2014ലും 2019ലും മോദി വൻഭൂരിപക്ഷത്തിനാണ് ജയിച്ചത്.
നാളെ ഡൽഹിയിൽ പ്രതിഷേധം
എംപിമാരുടെ കൂട്ട സസ്‌പെൻഷനിൽ പ്രതിഷേധിച്ച് നാളെ ജന്ദർ മന്ദറിൽ മാർച്ച് നടത്താൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന 'ഇന്ത്യ' യോഗം തീരുമാനിച്ചു. പാർട്ടി നേതാക്കളും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരും പങ്കെടുക്കും.