parliament

ന്യൂഡൽഹി: സിം കാർഡുകളുടെയും മൊബൈൽ നമ്പറുകളുടെയും ദുരുപയോഗം തടയുന്നതുൾപ്പെടെ

ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ പുതിയ പരിഷ്‌കാരങ്ങൾക്ക് വഴി തുറക്കുന്ന ടെലികമ്മ്യൂണിക്കേഷൻ ബിൽ ലോക്‌സഭയിൽ പാസായി. പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിൽ ശബ്‌ദ വോട്ടോടെയാണ് പാസായത്. നിയമമായാൽ ബയോമെട്രിക് വിവരം കൂടി നൽകിയാലേ സിം കാർഡ് ലഭിക്കൂ.

ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ നിർവചനത്തിൽ നിന്ന് ഓവർ-ദി-ടോപ്പ് (ഒ.ടി.ടി) പ്ലാറ്റ്ഫോമുകളെ ഒഴിവാക്കിയതിനാൽ വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള ആശയവിനിമയ സേവന ദാതാക്കൾക്ക് നിയന്ത്രണം വരില്ല. വാട്ട്സ്‌ആപ്പ് സന്ദേശങ്ങൾ അടക്കം നിരീക്ഷിക്കാൻ സർക്കാരിന് അധികാരമുണ്ടാകും.

ടെലികോം സേവനങ്ങൾ ദുരുപയോഗിച്ചാൽ മൂന്ന് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ലഭിക്കും. ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിലേക്കോ അംഗീകൃത സ്ഥാപനത്തിന്റെ ഡാറ്റയിലേക്കോ അനധികൃതമായി കടന്നുകയറാൻ ശ്രമിച്ചാൽ മൂന്ന് വർഷം വരെ തടവും 2 കോടി രൂപ പിഴയും. 1885ലെ ഇന്ത്യൻ ടെലഗ്രാഫ് നിയമം, 1933ലെ ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം, 1950ലെ ടെലിഗ്രാഫ് കേബിൾ നിയമം എന്നിവയ്‌ക്ക് പകരമുള്ളതാണ് ബിൽ.

നിയന്ത്രണം ഏറ്റെടുക്കാം

 രാജ്യസുരക്ഷ മുൻനിർത്തി ടെലികോം സേവനങ്ങളുടെ നിയന്ത്രണം സർക്കാരിന് താത്കാലികമായി ഏറ്റെടുക്കാം. അടിയന്തര സാഹചര്യത്തിലും ഒരു ടെലികോം നെറ്റ്‌വർക്ക് സർക്കാരിന് കൈവശപ്പെടുത്താം.

 സാറ്റലൈറ്റ് ഇന്റർനെറ്റ് അനുവദിക്കുന്നതിന് ലേലം ചെയ്യാതെ സ്‌പെക്‌ട്രം അനുവദിക്കാം.