temple

ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ക്ഷണിക്കാൻ രാമക്ഷേത്ര ട്രസ്റ്റ്. ജനുവരി 22ലെ ചടങ്ങിലേക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,​ സോണിയ ഗാന്ധി എന്നിവരെ വസതികളിലെത്തി ക്ഷണിച്ചു. ക്ഷേത്ര നിർമ്മാണ സമിതി അദ്ധ്യക്ഷൻ നൃപേന്ദ്ര മിശ്ര, വിശ്വഹിന്ദു പരിഷത്ത് ഇന്റർനാഷണൽ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ, ആർ.എസ്.എസ് നേതാവ് രാംലാൽ തുടങ്ങിയവരാണ് എത്തിയത്. സോണിയ ഗാന്ധിയോ, പ്രതിനിധി സംഘമോ പോകുമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. ക്ഷണക്കത്തിനോട് സോണിയ ഗാന്ധിക്ക് അനുകൂല നിലപാടാണെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ സിംഗ് പ്രതികരിച്ചു. തന്നെ ക്ഷണിക്കാത്തതിൽ ബി.ജെ.പിയെ വിമർശിക്കുകയും ചെയ്തു. യഥാർത്ഥ വിശ്വാസികളായ തന്നെയും എൽ.കെ.അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും ക്ഷണിക്കില്ലെന്ന് കുറ്രപ്പെടുത്തി.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കത്തയച്ചു. അനാരോഗ്യം കാരണം അദ്ദേഹം സന്ദർശകരെ കാണുന്നില്ല. കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് ആധിർ രഞ്ജൻ ചൗധരിക്കും ക്ഷണമുണ്ട്. ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാൾ, ബി.എസ്.പി അദ്ധ്യക്ഷ മായാവതി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരെയും ക്ഷണിച്ചേക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അദ്ധ്യക്ഷന്മാർക്കും ക്ഷണമുണ്ടാകും. മുൻ രാഷ്ട്രപതിമാരായ രാംനാഥ് കോവിന്ദ്, പ്രതിഭ പാട്ടീൽ,​ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവ ഗൗഡ എന്നിവരെയും ക്ഷണിച്ചു.

 സംസ്ഥാനങ്ങൾക്ക് ഉദ്ഘാടന ശേഷം സൗകര്യം

ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചേക്കില്ല. ഉദ്ഘാടനത്തിന് ശേഷം ക്ഷേത്രദർശനത്തിന് സംസ്ഥാനങ്ങൾക്ക് പ്രത്യേകം തീയതി നൽകും. പ്രത്യേക ട്രെയിനുകളും ഓടിച്ചേക്കും. അപ്പോൾ വിശ്വാസികൾക്കൊപ്പം പങ്കെടുക്കാൻ മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ ആലോചനയുണ്ട്.

 മോദി 30ന് അയോദ്ധ്യയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെ ശ്രീരാമ രാജ്യാന്തര വിമാനത്താവളത്തിന്റെയും റെയിൽവേ സ്റ്റേഷന്റെയും ഉദ്ഘാടനത്തിന് ഡിസംബർ 30ന് എത്തുമെന്ന് റിപ്പോർട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോദ്ധ്യയിലെത്തി അവസാന പ്രവൃത്തികളും സുരക്ഷാ സജ്ജീകരണങ്ങളും വിലയിരുത്തി.