
ന്യൂഡൽഹി: പാർലമെന്റ് ആക്രമണക്കേസിൽ കർണാടകയിലെ ഐ.ടി കമ്പനി ജീവനക്കാരനായ സോഫ്‌റ്ര്‌വെയർ എൻജിനിയർ സായ് കൃഷ്ണ ജഗാലി കസ്റ്റഡിയിൽ. റിട്ട. ഡിവൈ.എസ്.പിയുടെ മകനാണ്. ആക്രമണത്തിലെ ആസൂത്രകരിൽ ഒരാളാണെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ബാഗൽകോട്ടിലെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിസംബർ 13ന് ലോക് സഭാ ചേംബറിലേക്ക് ചാടിയ മൈസൂരു സ്വദേശി ഡി. മനോരഞ്ജന്റെ സുഹൃത്താണ് ഇയാൾ. മനോരഞ്ജന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഡയറിയിൽ നിന്ന് സായ് കൃഷ്ണയുടെ പങ്ക് വെളിപ്പെട്ടുവെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്തപ്പോഴും പങ്ക് വ്യക്തമായെന്ന് അറിയുന്നു. 2008-09ൽ ബംഗളൂരുവിലെ കോളേജ് പഠനകാലത്ത് ഇരുവരും ഒന്നിച്ചായിരുന്നു താമസം. സംഭവ സമയം മനോരഞ്ജനും സായ് കൃഷ്ണയും ഫോണിൽ സംസാരിച്ചുവെന്നും സൂചനയുണ്ട്. സായിയുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത പൊലീസ്, മനോരഞ്ജന്റെ കൂടുതൽ സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തുവരുന്നു.
യു.പി സ്വദേശിയും പിടിയിൽ
ഉത്തർപ്രദേശ് ജലോൺ സ്വദേശിയായ 50കാരൻ അതുലിനെയും കസ്റ്റഡിയിലെടുത്തു. ഭഗത് സിംഗിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ ഇയാൾ തൊഴിൽരഹിതനാണ്. കർഷക പ്രക്ഷോഭത്തിലും പങ്കെടുത്തിരുന്നു. മുഖ്യപ്രതികൾ ഉൾപ്പെട്ട ഭഗത് സിംഗ് ഫാൻസ് ക്ലബിലെ അംഗമാണെന്നും കണ്ടെത്തി.
4 പ്രതികൾ വീണ്ടും കസ്റ്റഡിയിൽ
ലോക്സഭാ ചേംബറിലേക്ക് ചാടിയ സാഗർ ശർമ്മ, ഡി. മനോരഞ്ജൻ, പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ച നീലം ആസാദ്, അമോൽ ഷിൻഡെ എന്നിവരെ അന്വേഷണസംഘത്തിന്റെ ആവശ്യത്തെ തുടർന്ന് ജനുവരി
അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആദ്യ കസ്റ്രഡി കാലാവധി അവസാനിച്ചതിനാൽ പ്രതികളെ ഇന്നലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.