
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും പ്രക്ഷുബ്‌ധമായ പാർലമെന്റ് സമ്മേളനമാണ് ഇന്നലെ ഒരു ദിവസം മുമ്പേ കൊടിയിറങ്ങിയത്. രാജ്യത്തെ ഞെട്ടിച്ച സുരക്ഷാ വീഴ്‌ചയ്‌ക്കും എംപിമാരുടെ കൂട്ട സസ്‌പെൻഷനും പാർലമെന്റ് സാക്ഷിയായി. രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ സമ്മേളനവുമായിരുന്നു ഇത്. തിരഞ്ഞെടുപ്പിന് മുൻപ് ഫെബ്രുവരിയിൽ ഹ്രസ്വ ബഡ്‌ജറ്റ് സമ്മേളനമുണ്ടാകും.
ആധുനിക സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെട്ട പുതിയ പാർലമെന്റ് മന്ദിരത്തിലാണ് ഡിഡംബർ 13ന് രണ്ടു യുവാക്കൾ അതിക്രമം കാട്ടിയത്. സന്ദർശക ഗാലറിയിൽ നിന്ന് എംപിമാർക്കിടയിലേക്ക് ചാടി പുക സ്‌പ്രേ അടിച്ച് ഭീതി പരത്തിയ യുവാക്കൾക്കൊപ്പം പുറത്ത് പ്രതിഷേധിച്ച രണ്ടുപേരും പിടിയിലായി.
സുരക്ഷാ വീഴ്‌ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച എംപിമാരെയാണ് ഇരുസഭകളിൽ നിന്നും കൂട്ടത്തോടെ സസ്‌പെൻഡ് ചെയ‌്തത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തോൽവിയുടെ ആഘാതത്തിലായിരുന്ന പ്രതിപക്ഷത്തിന് സുരക്ഷാ വീഴ്‌ച സർക്കാരിനെ ആക്രമിക്കാനുള്ള ആയുധായി.
ഇരുസഭകളിൽ നിന്നും 146 എംപിമാർ പുറത്തായി. ലോക്‌സഭയിൽ നിന്നുമാത്രം 100 പേർ. നടപടി ഒഴിവായ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പിന്നീട് സഭ ബഹിഷ്‌കരിച്ചു. കാലിയായ പ്രതിപക്ഷ ബെഞ്ചുകളെ സാക്ഷിയാക്കിയാണ് മൂന്ന് നീതിന്യായ ബില്ലുകൾ, ടെലികമ്മ്യൂണിക്കേഷൻ ബിൽ, പ്രസ് ആന്റ് രജിസ്ട്രേഷൻ ബിൽ എന്നിവ പാസാക്കിയത്.
ഡിസംബർ നാലിന് സമ്മേളനം തുടങ്ങിയ ദിവസം സഭയിലെത്തിയ പ്രധാനമന്ത്രി സുരക്ഷാ വീഴ്‌ചയും പ്രതിഷേധങ്ങളും കാരണം പിന്നീട് വന്നില്ല. ഇന്നലെ പിരിയുന്നതിന് തൊട്ടു മുൻപ് അദ്ദേഹം ലോക്‌സഭയിലെത്തി.
പാർലമെന്റിൽ പ്രതിപക്ഷ പ്രകടനം
എംപിമാരുടെ സസ്‌പെൻഷനിൽ പ്രതിഷേധിച്ച് 'ഇന്ത്യ' നേതാക്കൾ പാർലമെന്റിന് പുറത്ത് മാർച്ച് നടത്തി. പുറത്തായ എംപിമാർക്കൊപ്പം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, കെ. സി. വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി. പാർലമെന്റ് സുഗമമായി പ്രവർത്തിക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്ന് ഖാർഗെ പറഞ്ഞു. ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറിനെ അനുകരിച്ചത് ജാതി വിഷയമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സുരക്ഷാ വീഴ‌്ചയെക്കുറിച്ച് കേന്ദ്രം സംസാരിക്കുന്നില്ല. പ്രധാനമന്ത്രി പാർലമെന്റിൽ വരാതെ ടിവിയിലും വാരാണസിയിലുമാണ് സംസാരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചതിനാണ് എംപിമാരെ പുറത്താക്കിയതെന്നും ഖാർഗെ പറഞ്ഞു. ഉപരാഷ്ട്രപതിയെ പിന്തുണച്ച് രാജ്യസഭയിൽ എഴുന്നേറ്റു നിന്ന 125 ബി.ജെ.പി എംപിമാർക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്നും അദ്ദേഹം ചോദിച്ചു.
ഇന്ന് പ്രതിഷേധം
എംപിമാർക്കെതിരായ നടപടിക്കെതിരെ 'ഇന്ത്യ' മുന്നണി ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ഡൽഹി ജന്ദർ മന്ദറിലെ പ്രതിഷേധത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
ക്രിമിനൽ ഭേദഗതി ബിൽ:
ഡോക്ടർമാർക്ക് ആശ്വാസം
ന്യൂഡൽഹി: ചികിത്സാപ്പിഴവിന് ഡോക്ടർമാർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുന്ന വകുപ്പ് ഒഴിവാക്കിയുള്ള ഭാരതീയ ന്യായ സംഹിത(ബി.എൻ.എസ്) അടക്കം മൂന്ന് മൂന്ന് നിർണായക ക്രിമിനൽ ഭേദഗതി ബില്ലുകൾ ലോക്സഭയ്ക്കു പിന്നാലെ ഇന്നലെ രാജ്യസഭയും പാസാക്കി. നരഹത്യ പരാമർശിക്കുന്ന 106(1) വകുപ്പ് എടുത്തു കളഞ്ഞ് പരമാവധി രണ്ടു വർഷം തടവും പിഴയും എന്നാക്കി മാറ്റി. മനപൂർവ്വമല്ലാത്ത റോഡ് അപകടങ്ങളിലും ഇതു ബാധകം.