
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ സ്ഥാനാർത്ഥി നിർണയം ഉടൻ തുടങ്ങാൻ കോൺഗ്രസ് പ്രവർത്തക സമിതിയിൽ തീരുമാനം. പാർട്ടി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെയുടെ അദ്ധ്യക്ഷതയിൽ 70 അംഗങ്ങൾ പങ്കെടുത്ത യോഗം നാലുമണിക്കൂർ നീണ്ടു.
പ്രകടന പത്രിക കമ്മിറ്റി രണ്ടു ദിവസത്തിനുള്ളിലും സ്ക്രീനിംഗ് കമ്മിറ്റി ഒരു മാസത്തിനുള്ളിലും രൂപീകരിക്കും. 'ഇന്ത്യ' മുന്നണി യോഗത്തിലെ തീരുമാന പ്രകാരം സീറ്റ് വിഭജനത്തിനായി രൂപീകരിച്ച സമിതി വിവിധ പാർട്ടികളുമായി ചർച്ച നടത്തും. ജനുവരി മുതൽ സംസ്ഥാന തലത്തിൽ പി.സി.സി അദ്ധ്യക്ഷൻമാരുടെ നേതൃത്വത്തിൽ കൺവെൻഷനുകൾ സംഘടിപ്പിക്കും.
തെലങ്കാന ഒഴികെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രവർത്തക സമിതി നിരാശ പ്രകടിപ്പിച്ചു. മോശം പ്രകടനത്തിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞതായി ഖാർഗെ പറഞ്ഞു. ജയിച്ചില്ലെങ്കിലും സംസ്ഥാനങ്ങളിലെ വോട്ട് വിഹിതം പ്രതീക്ഷ നൽകുന്നു. ശ്രമിച്ചാൽ കാര്യങ്ങൾ അനുകൂലമാക്കാമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഡിസംബർ 28ന് സ്ഥാപക ദിനത്തിൽ നാഗ്പൂരിൽ സംഘടിപ്പിക്കുന്ന റാലി. രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയുടെ തീയതിയും വിശദാംശങ്ങളും ഉടൻ പ്രഖ്യാപിക്കുമെന്നും തീരുമാനങ്ങൾ വിശദീകരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
വാരാണസിയിൽ പ്രിയങ്ക മത്സരിക്കുമെന്ന തരത്തിൽ ഇന്ത്യ മുന്നണി യോഗത്തിൽ ചർച്ച നടന്നില്ലെന്ന് വേണുഗോപാൽ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിന് കോൺഗ്രസിന് നിശ്ചിത സംവിധാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പാർട്ടിക്ക് ക്ഷണം ലഭിച്ചെന്നും തീരുമാനം പിന്നീടുണ്ടാകുമെന്നും വേണുഗോപാൽ അറിയിച്ചു. പ്രതിപക്ഷത്തെ അടിച്ചൊതുക്കുന്ന ബി.ജെ.പിക്ക് എതിരായ വികാരമാണ് രാജ്യമെമ്പാടുമുള്ളതെന്നും അതു മുതലാക്കുകയാണ് ലക്ഷ്യമെന്നും വേണുഗോപാൽ പറഞ്ഞു.
പാർലമെന്റിൽ നിന്ന് 146 എംപിമാരെ പുറത്താക്കിയ കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ചും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും പ്രമേയവും പാസാക്കി.