
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പോക്കറ്റടിക്കാരനും ദുശ്ശകുനവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരാമർശം നടത്തിയെന്ന പരാതിയിൽ എട്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. മോദിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി എന്നിവരെ പോക്കറ്രടിക്കാരെന്ന് വിളിച്ചത് നല്ല ഉദ്ദേശ്യത്തോടെയല്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. മോദിയെ ദു:ശകുനമെന്നും വിളിച്ചിരുന്നു. ജനങ്ങൾ എല്ലാം കേൾക്കുന്നുണ്ട്. ഇത്തരം പരാമർശങ്ങൾക്കെതിരെ മാർഗരേഖ പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിന് തടസമില്ലെന്നും കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പ് റാലിക്കിടെ നവംബർ 22നാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. വിശദീകരണമാവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് അയച്ചിരുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. നവംബർ 25ന് മറുപടിക്കുള്ള സമയപരിധി അവസാനിച്ചത് ചൂണ്ടിക്കാട്ടിയ കോടതി, ഉടൻ തീരുമാനമെടുക്കാൻ കമ്മിഷന് നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച പൊതുതാത്പര്യഹർജിയും തീർപ്പാക്കി.