supremec-ourt

ന്യൂഡൽഹി: റെക്കാഡ് വേഗത്തിൽ കേസുകൾ തീർപ്പാക്കുകയാണ് സുപ്രീംകോടതി. ഈ വർഷം ജനുവരി ഒന്നു മുതൽ ഡിസംബർ 15 വരെ 52,191 ഹർജികൾ തീർപ്പാക്കി. കഴിഞ്ഞ വർഷം 39,800 ആയിരുന്നു. 52,660 കേസുകളാണ് ഈ വർഷം ഇതുവരെ കോടതിയിലെത്തിയത്. 30,372 പ്രത്യേക അനുമതി ഹർജികളും തീർപ്പാക്കി.

സുപ്രീംകോടതിയിൽ 80,000 കേസുകൾ കെട്ടിക്കിടപ്പുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ഈയിടെ ലോക്‌സഭയെ അറിയിച്ചിരുന്നു.

ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് നേട്ടത്തിന് കാരണമെന്ന് സുപ്രീംകോടതി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഹർജി സ്വീകരിച്ച് കോടതിയിൽ ലിസ്റ്റ് ചെയ്യാൻ മുൻപ് പത്ത് ദിവസം വരെ എടുത്തിരുന്നു. ഇപ്പോൾ ഏഴായി ചുരുങ്ങി. ജാമ്യം, ഹേബിയസ് കോർപസ്, ഒഴിപ്പിക്കൽ, കെട്ടിടം ഇടിച്ചുനിരത്തൽ, മുൻകൂർ ജാമ്യം തുടങ്ങി മൗലികാവകാശവുമായി ബന്ധപ്പെട്ട ഹർജികൾ ഒരു ദിവസം കൊണ്ട് സെക്‌ഷൻ കടന്ന് ബെഞ്ചിൽ എത്തുന്ന സാഹചര്യമൊരുക്കി.

സാങ്കേതിക വിദ്യ കാര്യക്ഷമമായി ഉപയോഗിച്ചു. ഇ-ഫയലിംഗ്, വെർച്വൽ വാദം, ഡിജിറ്റൽ രേഖകൾ എന്നിവ കേസ് തീർപ്പാക്കൽ വേഗത്തിലാക്കി. അസാധാരണ കേസുകൾക്ക് സ്പെഷ്യൽ ബെഞ്ചുകൾ രൂപീകരിച്ചു. ചീഫ് ജസ്റ്റിസിന്റെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 71 ദിവസവും, ഏഴംഗ ബെഞ്ച് നാല് ദിവസവും സിറ്റിംഗ് നടത്തി. യഥാക്രമം അഞ്ച് കേസിലും, ഒരു കേസിലും വിധി പറഞ്ഞു.

 ക്രിമിനൽ വിഷയങ്ങൾ - 11,489

 സിവിൽ വിഷയങ്ങൾ - 10,348

 സർവീസ് കാര്യങ്ങൾ - 4,410