അയോദ്ധ്യ : രാമക്ഷേത്രത്തിന്റെ പ്രധാന മൂർത്തിയായ രാംലല്ലയെ (ബാലനായ രാമൻ) പ്രതിഷ്ഠിക്കുന്ന ശ്രീകോവിലിന്റെ (ഗർഭഗൃഹം) വാതിൽ ചെത്തിമിനുക്കിയൊരുക്കിയത് മലയാളികൾ കൂടി ഉൾപ്പെട്ട കരകൗശല സംഘം. പൂവാർ സ്വദേശി സുഭാഷ്, തമിഴ്നാട് തക്കലയിൽ താമസിക്കുന്ന മലയാളിയായ ഗണപതി തുടങ്ങി ഇരുപതംഗ ആശാരി - കരകൗശല തൊഴിലാളി സംഘമാണ് ഇത് നിർവഹിക്കുന്നത്. ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിൽ പരമ്പരാഗതമായി ചെയ്തുപോരുന്ന മലയാളി - തമിഴ് കുടുംബങ്ങളിലെ അംഗങ്ങളാണിവർ. ശ്രീകോവിലിന്റെ വാതിൽ സ്ഥാപിച്ചു. എല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പിച്ചു. വാതിലിൽ ദേശീയ പക്ഷി മയിലിന്റെ രൂപം. വാതിലിൽ ചെമ്പ് പതിപ്പിച്ചശേഷം അതിനുമുകളിൽ സ്വർണം പൊതിയുന്ന പ്രക്രിയ ആരംഭിച്ചു. ക്ഷേത്രത്തിന്റെ താഴത്തെ നിലയിലാണ് രാംലല്ലയുടെ പ്രതിഷ്ഠ. അവിടെയാണ് ജനുവരി 22ന് ഉദ്ഘാടനച്ചടങ്ങ്. ജനുവരി 15നു മുൻപ് താഴത്തെ നിലയിലെ മുഴുവൻ മരപ്പണികളും പൂർത്തിയാകുമെന്ന് അവിടെ സന്ദർശിച്ച കേരളകൗമുദി ലേഖകനോട് തൊഴിലാളികൾ പറഞ്ഞു.
ഒരു വർഷമായി ഇവർ അയോദ്ധ്യയിൽ എത്തിയിട്ട്. ഭക്ഷണം സ്വന്തമായി തയ്യാറാക്കുകയാണ്. ഹൈദരാബാദിലെ കമ്പനിക്കാണ് വാതിലുകൾ പണിയാനുള്ള കരാർ. തമിഴ്നാട് മാമ്മല്ലപ്പുരത്തെ കെ. രമേഷ് സ്ഥാപതിയുടെ മാനസ വുഡ് ക്രിയേഷൻസിന് കീഴിലെ മലയാളികളും തമിഴരും അടക്കമുള്ളവരാണ് അവർക്കായി ജോലിയെടുക്കുന്നത്. ഉത്തരേന്ത്യൻ ക്ഷേത്ര നിർമ്മാണരീതിയായ നാഗരയും ദക്ഷിണേന്ത്യയിലെ ദ്രാവിഡ രീതിയും സമന്വയിപ്പിച്ച വേസര എന്ന നിർമ്മാണരീതിയാണ് പിന്തുടരുന്നത്.
18 വാതിലുകൾ
താഴത്തെ നിലയിൽ 18 വാതിലുകൾ. അവയുടെ പണി പൂർത്തിയാക്കി. ബാക്കി നിലകളിലേക്കുള്ളവയുടെ പണികൾ തുടരുന്നു. ഏറ്റവും മികച്ച, ബൽഹാർഷാ ഇനത്തിലുള്ള ബ്രൗൺ നിറമുള്ള എ ഗ്രേഡ് തേക്കാണ് ഉപയോഗിക്കുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ വനത്തിൽ നിന്നാണ് ഇവ കൊണ്ടുവന്നത്. ശ്രീകോവിലിലെ വാതിൽ ഫോൾഡ് ചെയ്യാൻ കഴിയും. തിരക്ക് വർദ്ധിക്കുമ്പോൾ മടക്കി വച്ചിരിക്കുന്നവ തുറക്കും.