k

രാജഭരണത്തിന്റെ ശേഷിപ്പുകൾ പേറുന്ന നഗരമാണ് രാജസ്ഥാൻ തലസ്ഥാനമായ ജയ്‌പൂർ. ഇളം ചുവപ്പ് (പിങ്ക്) നിറമണിഞ്ഞ രാജകൊട്ടാരങ്ങളാൽ സമ്പന്നമായതിനാൽ പിങ്ക് നഗരമെന്ന ഖ്യാതിയുമുണ്ട്,​ ജയ്‌പൂരിന്. ജയ്‌പൂരിലെ രാജഭരണത്തിന്റെ പ്രഭാവം ആധുനിക രാഷ്‌ട്രീയത്തിലും പ്രകടമാണ്. ഗ്വാളിയോർ രാജകുടുംബാംഗമായ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ വിശ്രമിക്കാൻ അനുവദിച്ച ബി.ജെ.പി,​ ഭജൻലാൽ സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയ ദിയാ കുമാരി ജയ്‌പൂർ രാജകുടുംബാംഗമാണ്. ജാതി സമവാക്യം നിർണായകമായ സംസ്ഥാനത്ത് രജപുത്ര സമുദായത്തിന്റെ പ്രതിനിധിയുമായി ദിയ.

ജയ്പൂരിലെ സിറ്റി പാലസ് ഉൾപ്പെടെ നിരവധി സ്വത്തുക്കൾ, ബിസിനസ്സുകൾ, ട്രസ്റ്റുകൾ, സ്കൂളുകൾ എന്നിവ കൈകാര്യം ചെയ്യുന്ന ശതകോടീശ്വരിയായ ദിയ 2013-ലാണ് രാഷ്‌ട്രീയത്തിലിറങ്ങിയത്. കൊണ്ടുവന്നത് അന്നത്തെ മുഖ്യമന്ത്രി വസുന്ധരയും. ദിയാ കുമാരി പാർട്ടി അംഗത്വമെടുത്ത ജയ്‌പൂരിലെ റാലിയിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും സന്നിഹിതനായിരുന്നു. ആ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സവായ് മധോപൂരിൽ നിന്ന് ബി.ജെ.പി ബാനറിൽ മത്സരിച്ചു ജയിച്ചു. 2016-ൽ കുടുംബ സ്വത്തായ,​ ജയ്‌പൂരിലെ രാജ്മഹൽ പാലസ് ഹോട്ടൽ കൈയേറ്റം ആരോപിച്ച് വസുന്ധര സർക്കാർ സീൽ ചെയ്‌തതും രാജകുടുബാംഗങ്ങൾ പ്രതിഷേധിച്ചതും വാർത്തയായിരുന്നു. അതിനു ശേഷം വസുന്ധരയുമായി നല്ല ബന്ധത്തിലല്ല.

പാർട്ടിക്ക് ഭരണം നഷ്‌ടപ്പെട്ട 2018-ൽ ദിയ മത്സരിച്ചില്ല. എന്നാൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്‌സമന്ദിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭയിൽ ഏറ്റവും ഭൂരിപക്ഷത്തിൽ ജയിച്ച എം.പിമാരിലൊരാൾ (5.51 ലക്ഷം വോട്ട്). വസുന്ധരയെ മാറ്റാൻ നിശ്ചയിച്ച ബി.ജെ.പി,​ ദിയയോട് എം.പിസ്ഥാനം രാജിവയ്‌ക്കാൻ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനമാണ് പറഞ്ഞുകേട്ടതെങ്കിലും വിദ്യാധർ നഗറിൽ നിന്നു ജയിച്ച ദിയയ്‌ക്ക് ഉപമുഖ്യമന്ത്രി പദം നൽകി.

പഴയ ജയ്‌പൂർ നാട്ടുരാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന മാൻസിംഗ് രണ്ടാമന്റെ മകനും ആർമി ഓഫീസറും ഹോട്ടൽ വ്യവസായിയുമായിരുന്ന ഭവാനി സിംഗിന്റെ ഏക മകളാണ് ദിയ. അമ്മ പത്മിനി ദേവി. ഭവാനി സിംഗ് 1989-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയ്‌പൂരിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും തോറ്റു. മാൻ സിംഗ് രണ്ടാമന്റെ ഭാര്യമാരിൽ ഒരാളും ജയ്‌പൂർ രാജ്ഞിയുമായിരുന്ന പരേതയായ ഗായത്രി ദേവി

സ്വതന്ത്ര പാർട്ടി ടിക്കറ്റിൽ മൂന്നു തവണ ജയ്‌പൂർ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ലണ്ടനിലെ ചെൽസി സ്കൂൾ ഒഫ് ആർട്‌സിൽ നിന്ന് ഡെക്കറേറ്റീവ് പെയിന്റിംഗിൽ ഫൈൻ ആർട്‌സ് ഗ്രാജുവേറ്റ് ഡിപ്ലോമയും ജയ്‌പൂർ അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.

ജയ്ഗഢ് കോട്ട, ജയ്‌പൂർ രാജ്മഹൽ കൊട്ടാരം, മൗണ്ട് അബുവിലും ജയ്‌പൂരിലും വൻകിട ഹോട്ടലുകൾ, രണ്ട് സ്കൂളുകൾ എന്നിവയുടെ ഉടമയായ ദിയ രണ്ട് ട്രസ്റ്റുകളുടെ നടത്തിപ്പുകാരിയുമാണ്. കൂടാതെ ജീവകാരുണ്യ,​ കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവം.

രാജകുടുംബമല്ലാത്ത നരേന്ദ്ര സിംഗുമായുള്ള വിവാഹം ഏറെ വാർത്തയായിരുന്നു. പിന്നീട് വിവാഹമോചനം നേടി.

മൂത്തമകനും പോളോ താരവുമായ സവായ് പദ്മനാഭ് സിംഗാണ് ഇപ്പോഴത്തെ ജയ്‌പൂർ മഹാരാജാവ്. ഗൗരവി കുമാരിയും ലക്ഷരാജ് പ്രകാശുമാണ് മറ്റുമക്കൾ. മ്യൂസിയമാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത ജയ്‌പൂർ രാജകൊട്ടാരത്തിലാണ് താമസം.