ന്യൂഡൽഹി: സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനായതിൽ പ്രതിഷേധിച്ച് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ, മറ്റൊരു ഗുസ്‌തി താരം ബജ്‌റംഗ് പൂനിയ പദ്മശ്രീ മെഡൽ ഇന്നലെ കർത്തവ്യപഥിലെ റോഡരികിൽ ഉപേക്ഷിച്ചു.

പദ്മശ്രീ തിരിച്ചു നൽകുകയാണെന്ന് പ്രഖ്യാപിച്ച പൂനിയ ഇന്നലെ മെഡലും വിശദീകരണ കത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ശ്രമിച്ചു. പാർലമെന്റ് മന്ദിരത്തിലേക്ക് പോകാൻ ശ്രമിച്ച പൂനിയയെ പൊലീസ് കർത്തവ്യ പഥിൽ തടഞ്ഞു. പ്രധാനമന്ത്രിയെ കാണാൻ അനുവാദം ഇല്ലാതെ പോകാനാകില്ലെന്ന് പൊലീസ് അറിയിച്ചു. എങ്കിൽ മെഡൽ പ്രധാനമന്ത്രിയുടെ ഒാഫീസിൽ എത്തിക്കാൻ പൊലീസിനോട് പൂനിയ ആവശ്യപ്പെട്ടു. അവർ നിരസിച്ചതോടെ പൂനിയ മെഡലും പ്രധാനമന്ത്രിക്കുള്ള കത്തും റോഡരികിൽ ഉപേക്ഷിച്ചു. അവ പൊലീസ് എടുത്ത് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ലൈംഗികാരോപണ വിധേയനായ മുൻ അദ്ധ്യക്ഷൻ ബ്രിജ്‌ഭൂഷൺ സിംഗിനെ സഹായിക്കുന്ന നടപടികളാണ് സർക്കാരിൽ നിന്നുണ്ടായതെന്ന് പൂനിയ പറഞ്ഞു.

ഫെഡറേഷനിൽ ആധിപത്യം തുടരുമെന്ന് ബ്രിജ്‌ഭൂഷൺ പറഞ്ഞത് വെല്ലുവിളിയാണെന്നും ഇതിന്റെ മാനസിക സമ്മർദമാണ് സാക്ഷി മല്ലികിനെ വിരമിക്കാൻ പ്രേരിപ്പിച്ചതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

പത്മശ്രീ, ഖേൽരത്‌ന, അർജുന പുരസ്‌കാരങ്ങൾ നൽകി എന്നെ രാജ്യം ആദരിച്ചപ്പോൾ സന്തോഷം തോന്നി. ഇന്ന് ഞാൻ അസന്തുഷ്ടനാണ്. ഈ ബഹുമതികൾ ശ്വാസം മുട്ടിക്കുന്നു. ഗുസ്തിയാണ് ബഹുമതികൾ തന്നത്. വനിതാ താരങ്ങൾക്ക് സുരക്ഷയ്ക്കായി ഗുസ്‌തി തന്നെ ഉപേക്ഷിക്കേണ്ടിവരുന്നു.

--ബജ്‌റംഗ് പുനിയ