
ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കാനിരിക്കെ, ഒരുക്കങ്ങൾ തകൃതി. ശ്രീരാമ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ ട്രയൽ റൺ ആരംഭിച്ചു. വ്യോമസേനാ വിമാനമാണ് ട്രയൽ റൺ നടത്തിയത്. സേനാ ഉദ്യോഗസ്ഥർ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. 350 കോടി മുടക്കിയാണ് വിമാനത്താവളം വികസിപ്പിച്ചത്. ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളവും അയോദ്ധ്യയിലെ പുതിയ റെയിൽവെ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. അയോദ്ധ്യയിൽ നിന്ന് ഡൽഹി ആനന്ദ് വിഹാറിലേക്കുള്ള വന്ദേഭാരത് അടക്കം എട്ട് പുതിയ ട്രെയിനുകൾ ഫ്ളാഗ് ഒഫ് ചെയ്യും. അതിനു ശേഷം പൊതുറാലിയെ അഭിസംബോധന ചെയ്യും. കോടികണക്കിന് രൂപയുടെ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഉദ്ഘാടന ദിവസം എയർ ഇന്ത്യയും, ഇൻഡിഗോയും
വിമാനത്താവള ഉദ്ഘാടനദിവസം ആദ്യമെത്തുന്നത് ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും. 80 മിനിട്ട് ആണ് യാത്രാസമയം. രാവിലെ 11ന് ഡൽഹിയിൽ നിന്നു തിരിച്ച് ഉച്ചയ്ക്ക് 12.20ന് അയോദ്ധ്യയിലെത്തും. തിരികെ 12.50ന് പുറപ്പെടുന്ന വിമാനം ഡൽഹിയിൽ ഉച്ചയ്ക്ക് 02.10ന് എത്തും. ജനുവരി 16 മുതൽ എയർ ഇന്ത്യ ദൈനംദിന സർവീസുകൾ ആരംഭിക്കും. ഡിസംബർ 30ന് ഇൻഡിഗോ വിമാനവും സർവീസ് നടത്തും. ജനുവരി ആറുമുതലാണ് ദിവസേനയുള്ള സർവീസ്. ക്ഷേത്ര ഉദ്ഘാടന ദിവസം നൂറിൽപ്പരം വിമാനങ്ങൾ അയോദ്ധ്യയിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ.
യോഗി ആദിത്യനാഥിന്റെ നിർദ്ദേശങ്ങൾ
ജനുവരി 22ന് ക്ഷണിക്കപ്പെട്ടവർക്കും ഉദ്യോഗസ്ഥർക്കും മാത്രം അയോദ്ധ്യയിൽ പ്രവേശനം
ഉദ്ഘാടനദിവസത്തെ മുഴുവൻ അഡ്വാൻസ് ബുക്കിംഗുകളും റദ്ദാക്കാൻ ഹോട്ടലുകൾക്ക് നിർദ്ദേശം
ഹോട്ടലുകളും ധർമ്മശാലകളും വിശ്വാസികളിൽ നിന്ന് മുറിവാടകയായി നിശ്ചിത നിരക്ക് മാത്രം ഈടാക്കണം
ക്ഷണം ലഭിച്ചില്ലെന്ന് യെച്ചൂരിയും ഉദ്ദവും
രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. കോൺഗ്രസിന്റെ കാര്യം അവർ തീരുമാനിക്കട്ടെയെന്നും വ്യക്തമാക്കി. ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ഉദ്ദവ് താക്കറെയെ ക്ഷണിച്ചിട്ടിലെന്ന് പാർട്ടി വക്താവ് സഞ്ജയ് റൗത് അറിയിച്ചു.