
ന്യൂഡൽഹി: സുരക്ഷാ വീഴ്‌ചയെക്കുറിച്ചും പാർലമെന്റിൽ കടന്നു കയറിയവർ ഉന്നയിച്ച തൊഴിലില്ലായ്‌മയെക്കുറിച്ചും സർക്കാരും പ്രധാനമന്ത്രിയും മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എം.പിമാരുടെ സസ്‌പെൻഷനെതിരെ 'ഇന്ത്യ" കക്ഷികൾ ഡൽഹി ജന്ദർ മന്ദറിൽ സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ പാർലമെന്റിനുള്ളിൽ എങ്ങനെ പ്രവേശിച്ചു. സുരക്ഷാവീഴ്ചയെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. മന്ദിരത്തിനുള്ളിൽ ഗ്യാസ് സ്‌പ്രേ കൊണ്ടുവന്നു. ഗ്യാസ് സ്‌പ്രേ കൊണ്ടുവരാമെങ്കിൽ എന്തും കൊണ്ടുവരാം. അവർ തൊഴിലില്ലായ്‌മയ്‌ക്കെതിരെ പ്രതിഷേധം നടത്തിയതാണെന്ന് പറഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ഏതെങ്കിലും നഗരത്തിൽ ഒരു സർവേ നടത്തൂ. നമ്മുടെ യുവാക്കൾ സമൂഹമാദ്ധ്യമങ്ങളിൽ എത്ര മണിക്കൂർ ചെലവഴിക്കുന്നു എന്ന്. ഓരോ ദിവസവും ഏഴര മണിക്കൂർ ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, ട്വിറ്ററിലും, ഇമെയിലിലും യുവാക്കൾ ചെലവഴിക്കുന്നു. നരേന്ദ്രമോദി അവർക്ക് തൊഴിൽ നൽകാത്തത് കൊണ്ടാണത്. ഇതാണ് ഇന്ത്യയുടെ അവസ്ഥ.
കേന്ദ്ര സർക്കാരിന്റെ തെറ്റിന്റെ ഫലമായാണ്, പാർലമെന്റ് മന്ദിരത്തിലേക്ക് യുവാക്കൾ ചാടിയത്. ഈ വികാരം ഇന്ത്യയിലെ ഓരോ യുവാക്കളുടെയും ഹൃദയത്തിലുണ്ട്. മാദ്ധ്യമങ്ങളും ഇതു പറയുന്നില്ല. അവർ രാഹുൽ ഗാന്ധി വീഡിയോ പിടിച്ചോയെന്നാണ് നോക്കുന്നത്. 150 എംപിമാരെ എന്തിന് പുറത്താക്കിയെന്ന് ചോദിക്കുന്നില്ല. എം.പിമാർ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ്. 150 എം.പിമാരെ അപമാനിച്ചതിലൂടെ ഇന്ത്യയിലെ 60 ശതമാനം ജനങ്ങളെ നിശബ്ദരാക്കി.
അഗ്നിവീർ പദ്ധതിയിലൂടെ യുവാക്കളിൽ നിന്ന് ദേശസ്നേഹം തട്ടിയെടുത്തു. പ്രതിഷേധിച്ചവരെ ഭയപ്പെടുത്തുന്നു. മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് അദാനിയെപ്പോലുള്ളവർക്ക് നൽകുന്നു. വിദ്വേഷം പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്തോറും 'ഇന്ത്യ" ഒന്നിച്ചു നിൽക്കുമെന്നും രാഹുൽ പറഞ്ഞു.
സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാരുടെ പ്രതിഷേധത്തിന് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ജാതി നിറം നൽകാൻ ശ്രമിച്ചെന്ന് അദ്ദേഹത്തിന്റെ പേരു പരാമർശിക്കാതെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആരോപിച്ചു. പാർലമെന്റിൽ തന്റെ പ്രസംഗം പതിവായി തടസപ്പെടുത്തുമ്പോൾ ഒരു ദളിതനെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് താൻ പറഞ്ഞില്ല.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി അതിനെ നേരിടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.പൊതുതിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുമെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശവാദം തമാശയാണ്. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ജനങ്ങൾ മോദിയെ തള്ളി. അധികാരത്തിലെത്തിച്ചവർക്ക് പുറത്താക്കാൻ അറിയാമെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.മോദി വീണ്ടും അധികാരത്തിലെത്തിയാൽ പാർലമെന്റ് തന്നെയുണ്ടാകുമോയെന്ന് സംശയമാണെന്ന് പരിപാടിയിൽ സംസാരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കെ.സി. വേണുഗോപാൽ(കോൺഗ്രസ്), ശരദ് പവാർ(എൻ.സി.പി), സീതാറാം യെച്ചൂരി(സി.പി.എം), ഡി.രാജ(സി.പി.ഐ), സുദീപ് ബന്ദോപാദ്ധ്യായ, മൗസം നൂർ(തൃണമൂൽ), എൻ.കെ.പ്രേമചന്ദ്രൻ(ആർ.എസ്.പി), ജോസ്.കെ. മാണി(കേരളാ കോൺഗ്രസ്), മനോജ് ഝാ(ആർ.ജെ.ഡി), തിരുച്ചി ശിവ(ഡി.എം.കെ). മഹുവ മാജി(ജെ.എം.എം), ദീപാങ്കർ ഭട്ടചാര്യ(സി.പി.എെ-എം.എൽ), ത്രിലോക് ത്യാഗി, ഷാഹിദ് സിദ്ധിഖി(ആർ.എൽ.ഡി), എസ്.ടി. ഹസൻ(സമാജ്‌വാദി) തുടങ്ങിയ നേതാക്കളും സസ്‌പെൻഷനിലായ എംപിമാരും പങ്കെടുത്തു.