
ന്യൂഡൽഹി : പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ മൈസൂരു സ്വദേശി ഡി. മനോരഞ്ജനാണെന്ന തെളിവുകൾ ഡൽഹി പൊലീസിന് ലഭിച്ചതായി സൂചന. ഭരണകൂടത്തിന് സന്ദേശം നൽകുന്ന രീതിയിൽ വലുതായി എന്തെങ്കിലും ചെയ്യണമെന്ന് മനോരഞ്ജൻ മറ്റു പ്രതികളെ പ്രേരിപ്പിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. കൂട്ടുപ്രതി ലളിത് ഝാ ഈവിവരം പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. ഒരു വർഷം മുൻപ് മനോരഞ്ജൻ മൈസൂരുവിലേക്ക് കൂട്ടുപ്രതികളെ വാട്സാപ്പിലൂടെ ക്ഷണിച്ചതായും ടിക്കറ്റ് അയച്ചുകൊടുത്തതായും പൊലീസിന് വിവരം ലഭിച്ചതായി അറിയുന്നു. ഇതിനിടെ, ആറു പ്രതികളുടെയും മാനസികനില പരിശോധിക്കുന്നത് ഇന്നലെ ആരംഭിച്ചു. ഫൊറൻസിക് ലാബിലാണ് പരിശോധന.
എഫ്.ഐ.ആർ തൽക്കാലം നൽകേണ്ട
പാർലമെന്റ് ആക്രമണക്കേസിൽ യു.എ.പി.എ ചുമത്തിയ എഫ്.ഐ.ആറിന്റെ പകർപ്പ് പ്രതി നീലം ആസാദിന് നൽകാനുള്ള പട്യാല ഹൗസ് കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്രേ ചെയ്തു. വിചാരണക്കോടതി നിർദ്ദേശത്തിനെതിരെ ഡൽഹി പൊലീസാണ് ഹൈക്കോടതിയെ സമീപിച്ചത്. നീലം ആസാദിന് നോട്ടീസ് അയച്ച ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ, വിഷയം ജനുവരി നാലിന് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു. അതീവഗുരുതര സ്വഭാവമുള്ള യു.എ.പി.എ കേസുകളുടെ എഫ്.ഐ.ആർ പ്രതിക്ക് നൽകേണ്ടതില്ലെന്ന സുപ്രീംകോടതി നിർദ്ദേശം കീഴ്ക്കോടതി പാലിച്ചില്ലെന്ന് പൊലീസിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഡിസംബർ 13ന് സാഗർ ശർമ്മയും ഡി. മനോരഞ്ജനും ലോക്സഭാ ചേംബറിലേക്ക് ചാടിയപ്പോൾ, പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു നീലം ആസാദ്.
ലളിത് ഝാ വീണ്ടും പൊലീസ് കസ്റ്രഡിയിൽ
ആസൂത്രകനായ ലളിത് ഝായെ ഡൽഹി പൊലീസിന്റെ അപേക്ഷയെ തുടർന്ന് ജനുവരി അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആദ്യ കസ്റ്രഡി കാലാവധി അവസാനിച്ചതിനാൽ പ്രതികളെ ഇന്നലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നടപടി. പ്രതിയുടെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് പൊലീസ് അറിയിച്ചു.