
ന്യൂഡൽഹി: പ്രതിപക്ഷ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വ വിഷയത്തിൽ ഭിന്നതയിലുള്ള ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ നീക്കം. കഴിഞ്ഞ ദിവസം ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിതീഷിനെ നേരിട്ട് കണ്ട് തെറ്റിദ്ധാരണകൾ അകറ്റാൻ രാഹുൽ ശ്രമിച്ചേക്കും.
പ്രതിപക്ഷ 'ഇന്ത്യ'യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദളിത് നേതാവ് വരണമെന്ന പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നിർദ്ദേശത്തിന് ഡൽഹിയിൽ നടന്ന യോഗത്തിൽ പിന്തുണ ലഭിച്ചതാണ് നിതീഷിന്റെ അതൃപ്‌തിക്ക് കാരണം. പിന്നാലെ ദളിത് നേതാവായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ സാദ്ധ്യതകൾ ചർച്ചയായി. പ്രധാനമന്ത്രിയാകാനില്ലെന്ന് പരസ്യമായി പറഞ്ഞെങ്കിലും നേതാക്കളെ ഏകോപിപ്പിച്ച് മുന്നണിയുടെ രൂപീകരണത്തിന് വഴിതെളിച്ച നിതീഷിന്റെ ലക്ഷ്യം അതു തന്നെയാണ്. യോഗത്തിൽ ജെ.ഡി.യു നേതാക്കൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതീഷിന്റെ പേര് നിർദ്ദേശിച്ചിരുന്നു.
പ്രധാനമന്ത്രി സ്ഥാനാർത്ഥി അല്ലെങ്കിൽ മുന്നണി കൺവീനർ പദം നിതീഷിന് നൽകാമെന്ന നിലപാടിലാണ് രാഹുൽ. ഇക്കാര്യം അദ്ദേഹം എൻ.സി.പി നേതാവ് ശരദ് പവാറിനെയും അറിയിച്ചിട്ടുണ്ട്. മുന്നണിയുടെ 'ഇന്ത്യ' എന്ന പേര് 'ഭാരത്' എന്നാക്കണമെന്നും നിതീഷിന് അഭിപ്രായമുണ്ട്. തന്റെ അഭിപ്രായങ്ങൾക്ക് പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് അസ്വസ്ഥനായ നിതീഷ് നിയന്ത്രണം വിടുകയും ചെയ്‌തു. ഡി.എം.കെ നേതാവ് ടി.ആർ. ബാലുവിന് വേണ്ടി ഹിന്ദി പ്രസംഗം പരിഭാഷപ്പെടുത്താൻ തുനിഞ്ഞ ആർ.ജെ.ഡി നേതാവ് മനോജ് ഝായെ ശകാരിച്ചു.