kejriwal

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് മൂന്നാമതും ഇ.ഡി നോട്ടീസ്. ജനുവരി മൂന്നിന് ഡൽഹിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നേരത്തേ നവംബർ രണ്ടിനും ഡിസംബർ 21നും ഹാജരാകണമെന്ന് സമൻസ് നൽകിയിരുന്നു. എന്നാൽ,​ ആദ്യതവണ മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും രണ്ടാമത് പത്ത് ദിവസത്തെ വിപാസന ധ്യാനത്തിനായി പഞ്ചാബ് ഹോഷിയാർപുരിലെ ധ്യാനകേന്ദ്രത്തിലേക്കും കേജ്‌രിവാൾ പോയി. സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ആം ആദ്മി പാർട്ടി വക്താവ് പ്രിയങ്ക കക്കർ പ്രതികരിച്ചു.

തേജസ്വിക്ക് ഇ.ഡി നോട്ടീസ്

ഐ.ആർ.സി.ടി.സി. അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ജനുവരി അഞ്ചിന് ഡൽഹിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് ഇ.ഡിയുടെ നിർദ്ദേശം. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലയളവിൽ റെയിൽവേ ജോലിക്ക് പകരമായി ഉദ്യോഗാർത്ഥികളുടെ ഭൂമി കൈക്കലാക്കി വൻ അഴിമതി നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസാണിത്.