
ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ ഇന്ത്യാ വിരുദ്ധ ശക്തികളുടെ പ്രവർത്തനം വർദ്ധിക്കുന്നതിനെ കടുത്ത ഭാഷയിൽ അപലപിച്ചും, ഭീകരതയ്ക്ക് ഒരു രാജ്യവും ഇടം കൊടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയും ഇന്ത്യ. യു.എസിലെ ക്ഷേത്രത്തിൽ ഖാലിസ്ഥാൻ അനുകൂലവും, ഇന്ത്യാ വിരുദ്ധവുമായ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിനോട് അതിശക്തമായ ഭാഷയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചു. ദൃശ്യങ്ങൾ കണ്ടു. സംഭവം വളരെ ഗൗരവത്തോടെ കാണുന്നു, ഭീകരർക്കും വിഘടനവാദികൾക്കും ഒരു രാജ്യവും ഇടം നൽകരുത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെട്ടു. യു.എസ് അധികൃതരുമായി ആശയവിനിമയം നടത്തി. അവിടെ അന്വേഷണം നടക്കുകയാണെന്നും ജയശങ്കർ വ്യക്തമാക്കി. കാലിഫോർണിയ നേവാർക്കിലെ സ്വാമി നാരായണ ക്ഷേത്രത്തിലെ ചുവരുകളിലാണ് ഇന്ത്യാ വിരുദ്ധ എഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
ഖാലിസ്ഥാൻ ഭീകരനായ ഭിന്ദ്രൻവാലയെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്‌തിരിക്കുന്നു. മോദി ഭീകരനാണ്, ഖാലിസ്ഥാൻ സിന്ദാബാദ് എന്നിങ്ങനെയും കറുത്ത മഷിയിൽ ഗ്രാഫിറ്റി ചെയ്തു. വ്യാഴാഴ്‌ച രാത്രി നടന്ന അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്വേഷ കുറ്രകൃത്യം എന്ന രീതിയിലാണ് സംഭവത്തെ യു.എസ് സമീപിച്ചിരിക്കുന്നത്. ആസൂത്രണത്തോടെയുള്ള പ്രവൃത്തിയാണെന്നും സമഗ്ര അന്വേഷണം നടത്തുമെന്നും നേവാർക്ക് പൊലീസ് വ്യക്തമാക്കി.
ഇന്ത്യൻ സമൂഹത്തിന് വേദന
സംഭവം ഇന്ത്യൻ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചു. വേഗത്തിലുള്ള അന്വേഷണവും കുറ്രക്കാർക്കെതിരെ കടുത്ത നടപടിയും യു.എസ് അധികൃതരോട് ആവശ്യപ്പെട്ടു. ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരൻ ഭിന്ദ്രൻവാലയുടെ പേര് അക്രമികൾ പരാമർശിച്ചതെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ആരോപിച്ചു.
നിരന്തര തലവേദന
കാനഡയിലും യു.എസിലുമിരുന്ന് ഇന്ത്യാ വിരുദ്ധ പ്രവൃത്തികൾ തുടരുന്ന സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നൂൻ അടക്കം ഖാലിസ്ഥാൻ ഭീകരർ രാജ്യത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഏറ്റവുമൊടുവിലായി, 2001 ഡിസംബർ 13ലെ പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷിക ദിനത്തിൽ വീണ്ടും ആക്രമണമുണ്ടാകുമെന്ന് പന്നൂൻ ഭീഷണി മുഴക്കി. തന്നെ കൊല്ലാനുള്ള നീക്കത്തിന് ഇത്തരത്തിൽ മറുപടി നൽകുമെന്നായിരുന്നു മുന്നറിയിപ്പ്. അന്നേദിവസം തന്നെ ലോക്സഭാ ചേംബറിൽ യുവാക്കൾ ചാടിയിറങ്ങി പുക സ്പ്രെ പ്രയോഗിച്ചത് രാജ്യത്തെ ഞെട്ടിച്ചു. പിടിയിലായവർക്ക് നിയമസഹായമായി 10 ലക്ഷം രൂപ പ്രതിഫലമെന്ന് സൂചിപ്പിച്ച് പന്നൂന്റെ ചിത്രം ചേർത്തുള്ള പോസ്റ്റർ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യാ - കാനഡ ബന്ധം ആടിയുലഞ്ഞു.
മറ്റേ കവിൾ കാണിച്ചു കൊടുക്കില്ല
പാകിസ്ഥാനും ജയശങ്കർ മുന്നറിയിപ്പ് നൽകി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മുതൽ അതിർത്തി കടന്നുള്ള ഭീകരതയും ആരംഭിച്ചിരുന്നുവെന്ന് പാകിസ്ഥാനെ ലക്ഷ്യമിട്ട് ജയശങ്കർ പറഞ്ഞു. മുംബയ് ഭീകരാക്രമണം നിർണായക മുഹൂർത്തമായിരുന്നു. അതിർത്തി കടന്നുള്ള ഭീകരാക്രമണമുണ്ടായാൽ ശക്തമായ മറുപടിയാണ് നൽകേണ്ടതെന്നും പറഞ്ഞു.
പന്നൂനെ വധിക്കാൻ ആസൂത്രണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റ് ചെയ്തിരുന്നു. അവിടുത്തെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെട്ടുവെന്നും ആവശ്യമായ സഹായം ഉറപ്പാക്കുന്നുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.
ഇന്ത്യയുടെ മുന്നറിയിപ്പ് നൽകുന്ന സൂചന
1. യു.എസും കാനഡയും ഖാലിസ്ഥാൻ ഭീകരരുടെ കാര്യത്തിൽ തുടരുന്ന മൃദു സമീപനം മാറ്റണമെന്ന സന്ദേശം
2. ഭീകരത വളർത്തുന്ന പാക്കിസ്ഥാനുള്ള മുന്നറിയിപ്പ്
3. നയതന്ത്ര തലത്തിൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗം
ക്ഷേത്ര ആക്രമണം ആദ്യമല്ല
ആഗസ്റ്റിൽ കാനഡ ബ്രിട്ടീഷ് കൊളംബിയയിലെ ക്ഷേത്രത്തിലും ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ പതിച്ചു.