
ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ഭരണസമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്ത നടപടി കായികമേഖലയ്ക്ക് ഉന്മേഷം പകരുന്നതായി. കണ്ണീരോടെ സാക്ഷി മല്ലിക്ക് വിരമിച്ചതും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ബജ്‌റംഗ് പൂനിയ പത്മശ്രീ ഉപേക്ഷിച്ചതും നാണക്കേടായതോടെയാണ് മുഖം രക്ഷിക്കാനുള്ള കേന്ദ്രനടപടി. അഡ് ഹോക് കമ്മറ്റിയെ നിയോഗിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് നിർദ്ദേശവും നൽകി. പി.ടി. ഉഷയാണ് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്.
15 ദിവസം മുമ്പെങ്കിലും കായിക താരങ്ങൾക്ക്
അറിയിപ്പ് നൽകിയിരിക്കണമെന്ന ചട്ടം പാലിക്കാതെ
ദേശീയ ചാമ്പ്യൻഷിപ്പുകൾ പ്രഖ്യാപിച്ചതിന്റെ പേരിലാണ് സസ്പെൻഷൻ.
ലൈംഗികാരോപണത്തിൽപ്പെട്ട ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ ചരൺ സിംഗിന്റെ കൂട്ടാളി സഞ്ജയ് സിംഗ് പ്രസിഡന്റായ പാനൽ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കായികതാരങ്ങൾ വീണ്ടും പ്രതിഷേധമുയർത്തിയത്. ബ്രിജ് ഭൂഷണുമായി ബന്ധമുള്ളവർ സമിതിയിലുണ്ടാവില്ലെന്ന് കേന്ദ്ര കായിക മന്ത്രി കായികതാരങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു.ഇതു പാഴായതോടെ
ഒളിമ്പിക് മെഡൽ ജേതാവായ വനിതാ ഗുസ്തിതാരം സാക്ഷി മല്ലിക്ക് പത്രസമ്മേളനത്തിൽ കണ്ണീരോടെ ബൂട്ടഴിച്ചുവച്ച് വിരമിക്കൽ പ്രഖ്യാപനം നടത്തി. പിന്നാലെ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ബജ്റംഗ് പൂനിയ തനിക്ക് ലഭിച്ച പത്മശ്രീ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഉപേക്ഷിച്ചു. ഇതിനിടെയാണ് അടുത്ത ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പ് ബ്രിജ്ഭൂഷന്റെ തട്ടകമായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടത്താൻ പുതിയ ഭരണസമിതി തീരുമാനിച്ചത്. ബ്രിജ്ഭൂഷന്റെ ഭരണമാണ് ഇപ്പോഴും നടക്കുന്നതെന്ന ആക്ഷേപം ഇതോടെ ശക്തമായി.
നടപടിക്കുപിന്നിൽ തിരഞ്ഞെടുപ്പുഭയം
1.സാക്ഷി മല്ലിക്കിന്റെ കണ്ണീരോടെയുള്ള വിരമിക്കൽ ജാട്ട് സമുദായത്തിൽ അതൃപ്‌തിക്കിടയാക്കിയാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കേന്ദ്രത്തിനും ബി.ജെ.പിക്കും ആശങ്ക. താരങ്ങളുടെ ആദ്യസമരത്തിൽ കർഷക സംഘടനകൾ ഇടപെട്ടിരുന്നു.
പ്രതിപക്ഷം വിഷയം ആയുധമാക്കുമെന്ന ഭയവുമുണ്ട്.
2. ബ്രിജ് ഭൂഷന്റെ തട്ടകമായ ഗോണ്ടയിലെ നന്ദിനി നഗറിൽ ഡിസംബർ 28ന് അണ്ടർ-15, അണ്ടർ-20 ദേശീയ ഗുസ്തി മത്സരങ്ങൾ നടത്താനുള്ള പ്രഖ്യാപനം വന്നതോടെ,
വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷയിൽ തനിക്ക് ഭയമുണ്ടെന്ന് സാക്ഷി പ്രതികരിച്ചു.
3. ആ മത്സരങ്ങളുടെ പേരിൽ തന്നെ നടപടിയെടുത്ത് സർക്കാർ തലയൂരി. ചാമ്പ്യൻഷിപ്പിനെപ്പറ്റി തീരുമാനമെടുത്ത യോഗത്തിൽ ക്വാറം പാലിച്ചില്ല,സെക്രട്ടറി ജനറൽ പങ്കെടുത്തില്ല തുടങ്ങിയ കാരണങ്ങളും നിരത്തി.
4. കോടതി നിയോഗിച്ച ജഡ്ജി വരണാധികാരിയായി നടത്തിയ തിരഞ്ഞെടുപ്പിലൂടെ വന്ന ഭരണസമിതിയെആരോപണങ്ങളുടെ പേരിൽ പിരിച്ചുവിട്ടാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഇലക്ഷൻ നടത്തിയതുതന്നെ അന്തർദേശീയ ഗുസ്തി ഫെഡറേഷന്റെ വിലക്ക് നീങ്ങാൻ വേണ്ടിയായിരുന്നു.തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇല്ലെങ്കിൽ താരങ്ങൾക്ക് ഇന്ത്യൻ പതാകയേന്തി അടുത്ത വർഷത്തെ ഒളിമ്പിക്സിൽ പങ്കെടുക്കാനാവില്ല.
`ഞങ്ങളുടെ പോരാട്ടം സർക്കാരുമായല്ല. വനിതാ ഗുസ്തിക്കാരുടെ നീതിക്കായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. കായിക മന്ത്രാലയത്തിന്റെ നടപടി വീക്ഷിക്കുന്നു.'
- സാക്ഷി മല്ലിക്,
ഗുസ്‌തിതാരം
`ബ്രിജ്‌ഭൂഷൺ പരിചയക്കാരൻ മാത്രം. ഒന്നിച്ചു പ്രവർത്തിച്ചിരുന്നു
അതിന്റെ സൗഹൃദം മാത്രം.'
സഞ്ജയ് സിംഗ്
പുതിയഭരണസമിതി പ്രസിഡന്റ്