
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 'മോദിയുടെ ഉറപ്പ്' എന്ന മുദ്രാവാക്യവുമായി 50 ശതമാനം വോട്ടും 400ലേറെ സീറ്റും ഉറപ്പിക്കാൻ സംസ്ഥാന ഘടകങ്ങൾക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. കന്നി വോട്ടർമാരെ കൈയിലെടുക്കാൻ രാജ്യമെമ്പാടും പ്രചാരണവും ബൂത്ത് തല പരിപാടികളും സംഘടിപ്പിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്ത ബി. ജെ. പി ദേശീയ ഭാരവാഹികളുടെ ദ്വിദിന യോഗത്തിലാണ് തീരുമാനം.
400 സീറ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം. അതിന് രാജ്യത്തെ പകുതി വോട്ടർമാരുടെയും പിന്തുണയുറപ്പാക്കണം. 2019ൽ 300ന് മുകളിൽ സീറ്റു നേടിയെങ്കിലും ലഭിച്ചത് 37% വോട്ടു മാത്രമാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് വിജയം രാജ്യത്ത് ബി.ജെ.പി തരംഗമുണ്ടെന്ന സൂചനയാണെന്നും അവകാശപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ 'മോദിയുടെ ഉറപ്പ്' ഫലിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അത് ഉപയോഗിക്കും.
പ്രചാരണത്തിൽ പാവപ്പെട്ടവർക്കും യുവാക്കൾക്കും കർഷകർക്കും സ്ത്രീകൾക്കും ഊന്നൽ നൽകും. കേന്ദ്ര പദ്ധതികൾ ഇവരിലേക്ക് എത്തിക്കും. പ്രതിപക്ഷത്തിന്റെ ജാതി സെൻസസ് പ്രചാരണത്തെ നേരിടാൻ ഇതിനാകുമെന്ന് പാർട്ടി കരുതുന്നു.
ബൂത്ത് തല പ്രവർത്തനം വെല്ലുവിളിയായെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌തു. മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ബൂത്ത് മാനേജ്‌മെന്റ് മാതൃകയാക്കണം.പ്രഖ്യാപനത്തിന് കാക്കാതെ പ്രചാരണം തുടങ്ങണം. റെക്കോർഡ് വിജയത്തിനായി തയ്യാറെടുക്കണം.
മണ്ഡലങ്ങളെ ക്ലസ്റ്ററുകളായി വിഭജിച്ച് ജനുവരി 15ന് ശേഷം യോഗങ്ങൾ ആരംഭിക്കും. ഈ ക്ലസ്റ്ററുകളിൽ പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയ നേതാക്കൾ പങ്കെടക്കും. യുവമോർച്ച രാജ്യത്തുടനീളം 5000 സമ്മേളനങ്ങൾ സംഘടിപ്പിക്കും.
ജനുവരി 22ന് തുറക്കുന്ന രാമക്ഷേത്രം തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യ വിഷയമാകും. ഇതിന് മുന്നോടിയായി ജനുവരി ഒന്നു മുന്നൽ രാജ്യമെമ്പാടും എല്ലാ ഗ്രാമങ്ങളിലും പത്ത് കോടി കുടുംബങ്ങളെ ചെരാത് കത്തിക്കൽ പരിപാടിക്കായി തയ്യാറാക്കും.
അയോദ്ധ്യയിൽ 30ന്
മോദിയുടെ റോഡ് ഷോ
ന്യൂഡൽഹി: ഡിസംബർ 30 ന് അയോധ്യയിൽ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.
വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിലാണ് റോഡ് ഷോ. നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷനിൽ ആദ്യ ട്രെയിനിന് പച്ചക്കൊടി കാട്ടിയ ശേഷം പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
ജനുവരി 22ന്റെ പ്രതിഷ്ഠാ ചടങ്ങിന് എത്തുന്ന അതിഥികളുടെ ചാർട്ടേഡ് വിമാനങ്ങൾ പ്രയാഗ്രാജ്, ഗോരഖ്പൂർ, വാരണാസി എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാനുള്ള ക്രമീകരണം ഏർപ്പെടുത്തും.
ജനുവരി ഒന്നു മുതൽ ബി.ജെ.പി രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വീടുവീടാന്തരം പ്രതിഷ്ഠാ ആഘോഷങ്ങളുടെ പ്രചാരണം നടത്തും.