dhankar

ന്യൂഡൽഹി: തന്നെ കളിയാക്കിയതിന്റെ പേരിൽ കർമ്മപഥത്തിൽ നിന്ന് വ്യതിചലിക്കില്ലെന്നും തുടർന്നും നീതിയുടെ പാതയിൽ സഞ്ചരിക്കുമെന്നും ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ എം.പി കല്യാൺ ബാനർജി മിമിക്രി നടത്തിയതിലായിരുന്നു പ്രതികരണം. ഉപരാഷ്ട്രപതി ഭവനിൽ 2023 ബാച്ചിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പ്രൊബേഷണേഴ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു ധൻകർ.

അനുകരണത്തിന് ഇരയായ തനിക്ക് എങ്ങനെ സഹിക്കണമെന്ന് അറിയാം. രാജ്യസഭാ അദ്ധ്യക്ഷൻ എന്ന ഭരണഘടനാ പദവിയിൽ പോലും ആളുകൾ എന്നെ വെറുതെ വിടുന്നില്ല. എന്നുവച്ച് ചിന്താഗതിയെ മാറ്റേണ്ടതുണ്ടോ. നാം എപ്പോഴും നീതിയുടെ പാതയിൽ മുന്നോട്ട് പോകണം. അപമാനത്തിന് ഇരയായ തനിക്ക് അതെല്ലാം എങ്ങനെ സഹിക്കണമെന്നും അറിയാം.

നമ്മുടെ നേട്ടങ്ങളുടെ പേരിൽ ലോകം നമ്മെ പുകഴ്ത്തുമ്പോൾ, ചിലർ അജ്ഞത മൂലം താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു. അവരെ കാര്യമാക്കേണ്ട. അതേസമയം അറിയാവുന്ന സത്യം പറയാതിരിക്കുന്നതിനെക്കാൾ വലിയ അപകടമില്ല. അവർ രാഷ്ട്രീയ സമത്വത്തിനായി മറ്റുള്ളവരുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.