
#മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ക്രിസ്‌ത്യൻ മതമേലദ്ധ്യക്ഷൻമാർക്കും പ്രമുഖർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയിൽ ഒരുക്കിയ ക്രിസ്‌മസ് വിരുന്നിന് രാഷ്ട്രീയ പ്രധാന്യമേറെ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ബി.ജെ.പി രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ,ന്യൂഡൽഹി ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി വിരുന്നൊരുക്കിയത്.
അടുത്ത കൊല്ലം ഒടുവിലോ, 2025 ആദ്യമോ മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി പുരോഹിതരോട് പറഞ്ഞു.
ക്രിസ്‌മസ് ആഘോഷിക്കണമെന്ന് ഇന്ത്യൻ മൈനോറിറ്റി ഫൗണ്ടേഷൻ നിർദ്ദേശിച്ചപ്പോൾ തന്റെ വസതിയിൽ വച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു.. ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണിയുടെ സഹായത്തോടെയാണ് വിരുന്ന് സംഘടിപ്പിച്ചത്..എല്ലാവരേയും ഉൾക്കൊള്ളുന്ന സമൂഹത്തെ സൃഷ്ടിക്കാനുള്ള യേശുക്രിസ്തുവിന്റെ മൂല്യങ്ങൾ ഇന്ത്യയുടെ വികസന യാത്രയിൽ വഴികാട്ടിയാണ്.വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ സുപ്രധാന മേഖലകളിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നു. 2021ൽ നടന്ന മാർപാപ്പയുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നു.. സാമൂഹിക ഐക്യം, ആഗോള സാഹോദര്യം, കാലാവസ്ഥാ വ്യതിയാനം, സമഗ്ര വികസനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്. മാർപ്പാപ്പയുടെ ദാരിദ്ര്യ നിർമ്മാർജ്ജന ആഹ്വാനം ഉൾക്കൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ എല്ലാവർക്കുമൊപ്പം, ഏവരുടെയും വികാസം, ഏവരുടെും വിശ്വാസം എന്ന മുദ്രാവാക്യം.. വികസനത്തിന്റെ നേട്ടങ്ങൾ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുന്നു, ആരോടും തൊട്ടുകൂടായ്മയില്ല. സത്യം മാത്രമേ രക്ഷയിലേക്കുള്ള വഴി കാണിച്ചു തരൂ എന്ന് വിശുദ്ധ ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ബൈബിൾ സേവനത്തിന് ഊന്നൽ നൽകുന്നുവെന്നും പ്രധാനമന്ത്രിപറഞ്ഞു.
കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ഡൽഹി രൂപത ബിഷപ്പ് ഡോ. പോൾ സ്വരൂപ്, ബിഷപ്പ് തോമസ് മാർ അന്തോണിയോസ്,സെന്റ്. സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ജോൺ വർഗീസ്, മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് എംഡി അലക്സാണ്ടർ ജോർജ്, ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, എൻ.ആർ.ഐ വ്യവസായി കുര്യൻ വർഗീസ്, കായിക താരം അഞ്ജു ബോബി ജോർജ്, നടൻ ഡിനോ മോറിയ, ക്യൂഎസ് റീജിയണൽ ഡയറക്ടർ അശ്വിൻ ജെറോം ഫെർണാണ്ടസ് , വത്തിക്കാൻ എംബസി സെക്കൻഡ് സെക്രട്ടറി കെവിൻ ജെ. കിംറ്റിസ്, ബിഷപ്പ് സൈമൺ ജോൺ, അപ്പോളോ സി.ഇ.ഒ ആന്റണി ജേക്കബ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേറ്റർ സണ്ണി ജോസഫ്, ഡൽഹി വെൽസ് ഫാർഗോ ബാങ്ക് എംഡി യാക്കൂബ് മാത്യു, ബി.ജെ.പി ദേശീയ വക്താവ് ടോം വടക്കൻ, ദേശീയ സെക്രട്ടറി അനിൽ ആന്റണി, യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് കയ്‌പള്ളി തുടങ്ങിയവർ പങ്കെടുത്തു.