
അയോദ്ധ്യ : ശ്രീരാമക്ഷേത്രം 2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകൊടുക്കാനിരിക്കെ, പ്രധാനമൂർത്തിയായ രാംലല്ലയുടെ മൂന്ന് വിഗ്രഹങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആയിരം വർഷം ആയുസ് കൽപ്പിക്കുന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠയാകാനുള്ള യോഗം അതിൽ ഒന്നിന് മാത്രമാവും.
ബാല രൂപത്തിലുള്ള രാമനാണ് രാം ലല്ല. വെള്ള മാർബിൾ, ഗ്രാനൈറ്റ്, ഷിഷ്ട് എന്ന ശ്യാമ വർണമുള്ള കല്ല് എന്നിവയിലാണ് രാംലല്ലയുടെ വിഗ്രഹങ്ങൾ കൊത്തുന്നത്.
ഇതിൽ അഞ്ച് വയസുകാരന്റെ ഓജസും ഓമനത്തവുമുളള മുഖം ഏത് ശിൽപ്പത്തിനാണോ ഏറെ, അതാവും തിരഞ്ഞെടുക്കുകയെന്ന് രാമക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. ജനുവരി ആദ്യ ആഴ്ച്ച തീരുമാനമാകും.
അയോദ്ധ്യയിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ജനുവരി 15ന് മുൻപ് ഒരുക്കങ്ങൾ പൂർത്തിയാക്കും.
ഇന്നലെ രാജ്യത്തെ പത്രപ്രവർത്തരെ ക്ഷണിച്ചുവരുത്തി രാമജന്മഭൂമിയിൽ കൊണ്ടുപോയി ക്ഷേത്ര നിർമ്മാണത്തിന്റെ പുരോഗതി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വിശദീകരിച്ചു. സമുച്ചയത്തിന് ഭൂചലനം അതിജീവിക്കാനുള്ള ഉറപ്പുണ്ടെന്ന് കേരള കൗമുദിയുടെ അടക്കം പ്രതിനിധികളോട് ട്രസ്റ്റ് ഭാരവാഹികൾ വിശദീകരിച്ചു.
ജഡായു ശിൽപ്പവും
ക്ഷേത്രത്തിലെ ശിൽപ്പങ്ങളിൽ ഒന്ന് ജഡായുവിന്റേതായിരിക്കും. രാമകഥാ ദർശനമെന്ന പേരിൽ രാമന്റെ ജീവിതം ചിത്രീകരിക്കുന്ന നൂറോളം ശിൽപ്പങ്ങൾ ക്ഷേത്രത്തിന് ചുറ്റിലും സ്ഥാപിക്കും.
ആരും സ്പെഷ്യലല്ല
സാധാരണ ദർശനം മാത്രമേ ഉണ്ടാകൂ. പണം വാങ്ങി സ്പെഷ്യൽ തൊഴൽ ഇല്ല. വി.ഐ.പി പരിഗണനയും ഇല്ല. വി.ഐ.പികൾ നേരേത്തേ അറിയിച്ചാൽ ക്രമീകരണം നടത്തും. വഴിപാടില്ല. പ്രസാദം കൗണ്ടറിൽ സൗജന്യം
ലിഫ്റ്റ്, റാമ്പ്
പ്രായമായവർക്കും, അംഗപരിമിതർക്കും ലിഫ്റ്റ്, റാമ്പുകൾ
70 ഏക്കറിന്റെ 70 ശതമാനത്തിലും പച്ചപ്പ് നിലനിർത്തും
392 വൻതൂണുകൾ. താഴത്തെ നിലയിൽ 190 തൂണുകൾ
ഗർഭഗൃഹം പൂർണമായും മാർബിൾ
ക്ഷേത്രസമുച്ചയം ആത്മനിർഭർ എന്ന് ട്രസ്റ്റ്
രണ്ട് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഒരു വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്
പവർ സ്റ്റേഷൻ, ഫയർ ബ്രിഗേഡ്, അണ്ടർഗ്രൗണ്ട് റിസർവോയർ
.