delhi

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഇന്നലെ രാവിലെ വിമാന, റെയിൽ സർവീസുകൾ തടസപ്പെട്ടു. മഞ്ഞ് വീഴ്‌ചയെ തുടർന്ന് ദൃശ്യപരത 50 മീറ്ററായി (164 അടി) കുറഞ്ഞു. തുടർന്ന് ഡൽഹിയിൽ നിന്ന് പുറപ്പെടുകയും ഇറങ്ങുകയും ചെയ്യേണ്ട അന്താരാഷ്ട്ര സർവീസുകൾ അടക്കം 30 വിമാനങ്ങൾ വൈകി. രാവിലെ 8.30നും 10 മണിക്കും ഇടയിൽ അഞ്ച് വിമാനങ്ങൾ ജയ്‌പൂരിലേക്ക് തിരിച്ചുവിട്ടു. ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സംവിധാനത്തിന്റെ സഹായത്തോടെയാണ് പല വിമാനങ്ങളും ഇറങ്ങിയത്. എന്നാൽ സംവിധാനം ഉപയോഗിക്കാൻ കഴിയാത്ത വിമാനങ്ങൾ വഴി തിരിച്ചു വിടുകയായിരുന്നു. മോശം കാലാവസ്ഥ സർവീസുകളെ ബാധിച്ചേക്കാമെന്ന് വിമാന കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഡൽഹി വഴിയുള്ള 14 ട്രെയിനുകളെയും മൂടൽമഞ്ഞ് ബാധിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും സമാന കാലാവസ്ഥയാണ്.