ഇസ്രയേൽ പൗരൻമാർക്ക് ജാഗ്രതാനിർദ്ദേശം
ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപം ചൊവ്വാഴ്‌ച വൈകിട്ടുണ്ടായ സ്‌ഫോടനത്തിന് അന്താരാഷ്‌ട്ര ബന്ധമുണ്ടെന്ന സൂചനയെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ഇസ്രയേലിന്റെ സുഹൃത്തായ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണോയെന്നാണ് സംശയിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ പൗരൻമാർക്ക് ഇസ്രയേൽ ജാഗ്രതാനിർദ്ദേശം നൽകി.
സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കായി ഡൽഹി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഭീകരാക്രമണ സംശയമുള്ളതിനാൽ ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണം തുടങ്ങി. എംബസിക്കും ജൂത സ്ഥാപനങ്ങൾക്കും സുരക്ഷ ശക്തമാക്കി. ഇസ്രയേൽ പൗരന്മാർ മാളുകൾ, മാർക്കറ്റുകൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.
ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനോടുള്ള വിരോധം വ്യാപകമാകും പോലെ അടുത്തടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങളുടെ തുടർച്ചയാണ് എംബസിക്ക് സമീപത്തെ സ്ഫോടനമെന്നും കരുതുന്നു. യെമൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ ഹമാസിനെ പിന്തുണച്ച് ഇസ്രയേലിനും സഖ്യകക്ഷികൾക്കും നേരെ ആക്രമണം തുടരുകയാണ്.
സിറിയയിലെ ഇറാൻ ജനറൽ സെയ്ദ് റാസി മൗസവി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഡൽഹിയിൽ വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന ചാണക്യപുരിയിലെ അതിസുരക്ഷാമേഖലയിലെ സ്‌ഫോടനം.
ഗുജറാത്ത് തീരക്കടലിൽ ഇസ്രയേൽ കപ്പലും ചെങ്കടലിൽ ഇന്ത്യൻ കപ്പലും ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.
പിന്നാലെ നടന്ന സ്ഫോടനം ഇന്ത്യൻ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
ഇസ്രയേൽ എംബസിക്ക് നേരെ ആക്രമണം ആദ്യമല്ല. രണ്ട് വർഷം മുമ്പ് എംബസിക്ക് സമീപം ഐ.ഇ.ഡി സ്ഫോടനം നടന്നിരുന്നു. മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നു. 2012ൽ കാർ ബോംബ് പൊട്ടി ഇസ്രയേൽ നയതന്ത്രജ്ഞന്റെ ഭാര്യ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.
ക്യാമറയിൽ കണ്ട യുവാക്കൾ?
സ്ഫോടനത്തിന് തൊട്ടു മുമ്പ് അതുവഴി പോയ രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ പരിസരത്തെ സിസി ടിവികളിൽ ഉണ്ട്. ഇവരെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കി. ഇസ്രയേലിനെതിരെ ജിഹാദ് പ്രഖ്യാപിക്കുന്ന, ഇംഗ്ളീഷിൽ ടൈപ്പ് ചെയ്‌ത കത്ത് സ്‌ഫോടന സ്ഥലത്തു നിന്ന് ലഭിച്ചു. ഇസ്രയേലി അംബാസഡർക്കുള്ള കത്തിൽ പാലസ്തീൻ, ഗാസ, സയോണിസ്റ്റ് എന്നീ വാക്കുകളും സർ അള്ളാ റെസിസ്റ്റൻസ് എന്ന സംഘടനയുടെ പേരുമുണ്ട്. കത്ത് ഫോറൻസിക് പരിശോധനയിലാണ്.
ഡിസംബറിലെ
തുടർ ആക്രമണം
1. 24 ശനി ഇന്ത്യൻ തീരത്തോട് ചേർന്ന് ഇസ്രയേൽ കപ്പലിൽ ആക്രമണം
2. 25 ഞായർ ചെങ്കടലിൽ ഇന്ത്യൻ കപ്പലിൽ ആക്രമണം
3. 26 തിങ്കൾ സിറിയയിൽ ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ ജനറൽ കൊല്ലപ്പെട്ടു
4. 27 ചൊവ്വ ഡൽഹി ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം