puniya

ന്യൂഡൽഹി: ലൈംഗികാരോപണ വിധേയനായ ഗുസ്‌തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരണിനോടുള്ള പ്രതിഷേധം തുടരുന്നതിനിടെ ഒളിമ്പ്യൻ ബജ്‌റംഗ് പൂനിയയെ കണ്ട് പിന്തുണയറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധത്തിന്റെ ഭാഗമായി പൂനിയ പദ്മശ്രീ മെഡൽ തിരിച്ചു നൽകിയിരുന്നു. ഇന്നലെ പുലർച്ചെ ആറിനാണ് രാഹുൽ ഹരിയാനയിലെ ജജ്ജാറിൽ പൂനിയ പരിശീലനം നടത്തുന്ന വീരേന്ദർ ആര്യ അഖാരയിലെത്തിയത്.

ഗുസ്തി താരങ്ങളുമായും പരിശീലകൻ വീരേന്ദ്ര ആര്യയുമായും സംവദിച്ച രാഹുൽ അഖാരയിൽ അവർക്കൊപ്പം പരിശീലനത്തിലും പങ്കെടുത്തു. ഗുസ്തി പരിശീലനം കാണാനാണ് രാഹുൽ വന്നതെന്നും മറ്റു വിഷയങ്ങൾ ചർച്ച ചെയ്‌തില്ലെന്നും ബജ്‌റംഗ് പൂനിയ പറഞ്ഞു.

മുൻകൂട്ടി അറിയിക്കാതെയാണ് രാഹുൽ വന്നതെന്ന് ബജ്‌റംഗിന്റെ പരിശീലകൻ വീരേന്ദ്ര ആര്യ പറഞ്ഞു. അദ്ദേഹത്തിന് സ്‌പോർട്‌സിനെ കുറിച്ച് ധാരാളം അറിവുണ്ട്. ഗുസ്‌തി താരങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് സർക്കാരാണ് ഇടപെടേണ്ടതെന്നും ആര്യ പറഞ്ഞു.

ഗുസ്തി ഫെഡറേഷന്റെ വിവാദങ്ങളെത്തുടർന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഒളിമ്പ്യൻ സാക്ഷി മല്ലിക്കിനെ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു. താരങ്ങളുടെ പ്രതിഷേധത്തിൽ ഇടപെട്ട് വിഷയം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.