fogg

ന്യൂഡൽഹി: അതിശൈത്യം പിടിമുറുക്കുന്ന ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് വീഴുന്നതിനാൽ വീണ്ടും വിമാന, ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ 134 അന്താരാഷ്‌ട്ര-ആഭ്യന്തര വിമാന സർവീസുകളെ ബാധിച്ചു. ഡൽഹി വഴി പോകുന്ന 22 ട്രെയിനുകളും വൈകി.

ഹൗറ ന്യൂഡൽഹി രാജധാനി, ജമ്മു താവി രാജധാനി തുടങ്ങിയ ട്രെയിനുകൾ വൈകിയാണ് പുറപ്പെട്ടതെന്ന് റെയിൽവേ അറിയിച്ചു. വടക്കെ ഇന്ത്യയിൽ പരക്കെ ട്രെയിനുകൾ വൈകി ഓടുകയാണ്. ഇതുമൂലം തണുപ്പത്ത് റെയിൽവേ സ്റ്റേഷനുകളിൽ കാത്തു നിൽക്കുന്ന യാത്രക്കാർ ദുരിതത്തിലായി.

റോഡ് ഗതാഗതത്തെയും മഞ്ഞ് ബാധിച്ചിട്ടുണ്ട്. ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നാളെ രാവിലെ വരെ രാത്രിയിലും പ്രഭാതത്തിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാപ്രവചനം.