
ന്യൂഡൽഹി:ആയുധ ഇടപാടുകാരൻ സഞ്ജയ്ഭണ്ഡാരിയുമായി ബന്ധമുള്ള പ്രവാസി വ്യവസായിയും മലയാളിയുമായ സി.സി. തമ്പി ഉൾപ്പെട്ട ഭൂമി ഇടപാട് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കും ഭർത്താവ് റോബർട്ട് വധേരയ്‌ക്കും പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം.
ഇരുവരും പ്രതികളല്ല. എന്നാൽ, ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കുറ്റപത്രത്തിൽ റോബർട്ടിന്റെ പേര് മുൻപ് വന്നിട്ടുണ്ടെങ്കിലും പ്രിയങ്കയുടേത് ആദ്യമായാണ്.
സഞ്ജയ്ഭണ്ഡാരി, സി.സി.തമ്പി, ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ സുമിത് ഛദ്ദ എന്നിവർക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ കുറ്റപത്രത്തിലാണ് ഇരുവരുടെയും പേരുള്ളത്.പ്രതികരിക്കാൻ പ്രിയങ്ക തയ്യാറായില്ല.
2016ൽ യു.കെയിലേക്ക് കടന്ന ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമ ലംഘനം, വിദേശനാണ്യ വിനിമയ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണുള്ളത്. സഞ്ജയ് 2009ൽ ലണ്ടനിൽ വാങ്ങിയ വീട് നവീകരിച്ചത് റോബർട്ട് വധേരയുടെ പണമുപയോഗിച്ചാണെന്ന് ഇ.ഡി ആരോപിച്ചിരുന്നു. ഈ വീട്ടിൽ റോബർട്ട് പല തവണ താമസിച്ചെന്നും ഇ.ഡി പറയുന്നു.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി ലക്ഷ്യമിടുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
പ്രിയങ്ക അഞ്ചേക്കർ വാങ്ങി,
പിന്നീട് തിരിച്ചു വിറ്റു
ഡൽഹിയിലെ റിയൽ എസ്റ്റേറ്റ് ഏജന്റ് എച്ച്.എൽ. പഹ്‌വയിൽ നിന്ന് 2006ൽ ഫരീദാബാദിൽ അഞ്ചേക്കർ കൃഷിഭൂമി വാങ്ങിയ പ്രിയങ്ക ഗാന്ധി 2010ൽ അയാൾക്കുതന്നെ തിരികെനൽകിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2006 ഏപ്രിലിൽ ഫരീദാബാദിലെ അമിപൂർ ഗ്രാമത്തിൽ റോബർട്ട് വധേര വാങ്ങിയ 40.8ഏക്കർ ഭൂമിയും 2010ൽ പഹ്‌വയ്‌ക്ക് തിരികെ വിറ്റു. അതേസമയം 2005-2008 കാലളവിൽ തമ്പിയും പഹ്‌വയുടെ സഹായത്തോടെ 486 ഏക്കർ ഭൂമി ഇടപാടുകൾ നടത്തിയിരുന്നു. റോബർട്ടുമായി ദീർഘകാല ബിസിനസ് ബന്ധമുണ്ടെന്ന് 2020ൽ അറസ്റ്റിലായ തമ്പി വെളിപ്പെടുത്തിയെന്നും ഇ.ഡി പറയുന്നു. തമ്പി ഇപ്പോൾ ജാമ്യത്തിലാണ്.