temple

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നു കൊടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുക പ്രധാന പ്രവേശനകവാടമായ സിംഗ് ദ്വാറിൽ നിന്നായിരിക്കും. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ഇന്നലെ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ജനുവരി 15ന് മുൻപ് ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അയോദ്ധ്യയിലെ ശുചിത്വ ക്യാമ്പയിനിൽ ഇന്നലെ പങ്കെടുത്തു.

മഹർഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ട്

ഞായറാഴ്ച്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ പോകുന്ന അയോദ്ധ്യയിലെ രാജ്യാന്തര വിമാനത്താവളത്തിന് മഹർഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ട് അയോദ്ധ്യ ധാം എന്നു പേരിട്ടു. നവീകരിച്ച റെയിൽവേ സ്റ്റേഷനും അന്ന് തുറന്നു കൊടുക്കും.

കനത്ത സുരക്ഷ

ഉദ്ഘാടന ദിവസം പഴുതടച്ച സുരക്ഷയാണ് അയോദ്ധ്യയിൽ ഏർപ്പെടുത്തുന്നത്. അനുമതിയില്ലാത്ത വാഹനങ്ങളെ തടയാൻ ടയർ കില്ലേഴ്സ് എന്നു പറയുന്ന ബൂം ബാരിയേഴ്സ് സ്ഥാപിക്കും. മുഴുവൻ സമയ നിരീക്ഷണത്തിനായി സെൻട്രൽ കമാൻഡ് കൺട്രോൾ റൂം പ്രവർത്തിക്കും. ക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും സ്കാനറുകൾ, സി.സി.ടി.വി ക്യാമറകൾ എന്നിവ സ്ഥാപിക്കും. മേഖലയിൽ നിന്ന് 250പ്പരം കിലോമീറ്റർ മാത്രം ദൂരെയുള്ള ഇന്ത്യ - നേപ്പാൾ അതിർത്തിയിലും സുരക്ഷ ശക്തമാക്കി.