
അയോദ്ധ്യ: രാമക്ഷേത്രം തുറന്നു കൊടുക്കുന്നതിന് മുന്നോടിയായി മെഗാ റോഡ് ഷോ നടത്താനും, 11100 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിടാനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോദ്ധ്യയിൽ. മഹർഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ട് അയോദ്ധ്യ ധാമും, നവീകരിച്ച അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനും തുറന്നു കൊടുക്കും. അയോദ്ധ്യയിൽ നിന്ന് ഡൽഹി ആനന്ദ് വിഹാറിലേക്ക് അടക്കം ആറ് വന്ദേഭാരതും, രണ്ട് അമൃത് ഭാരത് ട്രെയിനുകളും ഫ്ളാഗ് ഒഫ് ചെയ്യും. 240 കോടി മുടക്കിയാണ് റെയിൽവേ സ്റ്റേഷൻ നവീകരിച്ചത്. അയോദ്ധ്യയിൽ പുതുതായി പണികഴിപ്പിച്ച മൂന്ന് റോഡുകളും ഉദ്ഘാടനം ചെയ്യും. മോദിയുടെ വരവിന് മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ഒരുക്കങ്ങൾ വിലയിരുത്തി. വിമാനത്താവളം മുതൽ റെയിൽവേ സ്റ്റേഷൻ വരെ നീളുന്ന വഴിയിൽ 40 ഇടത്ത് സ്റ്രേജുകൾ തയ്യാറാക്കി. 1400ൽപ്പരം കലാകാരന്മാർ ഇവിടെ വിവിധ കലാപ്രകടനങ്ങൾ നടത്തും.
മോടിയിൽ വിമാനത്താവളം
1450 കോടി മുടക്കിയാണ് രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയത്. രാമായണത്തിലെ പ്രധാന മുഹൂർത്തങ്ങൾ ചിത്രങ്ങളായി ചുവരുകളിലുണ്ട്. ഉച്ചയ്ക്ക് 12.15നാണ് ഉദ്ഘാടനം. ആദ്യമെത്തുന്നത് ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും. ഡൽഹിക്ക് പുറമെ ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ജനുവരി 17ന് അയോദ്ധ്യയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
ഫോട്ടോ ക്യാപ്ഷൻ : 1) അയോദ്ധ്യയിലെ പുതിയ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉൾവശം
2) അയോദ്ധ്യയിലെ നവീകരിച്ച റെയിൽവേ സ്റ്റേഷന്റെ രാത്രിക്കാഴ്ച്ച