sonias

ന്യൂഡൽഹി : അയോദ്ധ്യ ശ്രീരാമക്ഷേത്ര ഉദ്ഘാടനത്തിന് സോണിയ ഗാന്ധി പോയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ഇക്കാര്യത്തിൽ കോൺഗ്രസിൽ ഭിന്നത തുടരുന്നു. സോണിയക്ക് പുറമെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,​ ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം.

ഉചിതമായ സമയത്ത് പാർട്ടി തീരുമാനമെടുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. പാർട്ടിയുടെ കേരള, ബംഗാൾ ഘടകങ്ങൾ നേതൃത്വത്തെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടിയാണെന്ന് മുസ്ലീം ലീഗും വ്യക്തമാക്കി. പങ്കെടുക്കണമെന്ന നിലപാടിലാണ് ഉത്തർപ്രദേശ് ഘടകം. ഈ സാഹചര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് പാർട്ടിക്കും, 'ഇന്ത്യ' സഖ്യത്തിനും നിർണായകമാണ്. ഭിന്നത വളരുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡ് പരസ്യ പ്രതികരണങ്ങൾ വിലക്കി. ഔദ്യോഗിക നിലപാട് പാർട്ടി പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.

രാമക്ഷേത്രമാണോ രാജ്യത്തിന്റെ പ്രധാന പ്രശ്നമെന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡയുടെ പരാമർശം പാർട്ടിയുടെതല്ലെന്നും വ്യക്തിപരമാണെന്നും ജയറാം രമേശ് വ്യക്തമാക്കി.

പങ്കെടുക്കില്ലെന്ന് സി.പി.എം

ഉദ്ഘാടനം ബഹിഷ്ക്കരിക്കുമെന്ന ഉറച്ച നിലപാടിലാണ് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ക്ഷണക്കത്ത് ലഭിച്ചു. മതം വ്യക്തിപരമായ വിഷയമാണ്. രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുതെന്നാണ് പാർട്ടി നയം. പ്രധാനമന്ത്രിയെയും, ഉത്തർപ്രദേശ് മുഖ്യമന്ത്രിയെയും പങ്കെടുപ്പിച്ച് മതപരമായ ചടങ്ങിനെ ഭരണകൂട സ്പോൺസേർഡ് പരിപാടിയാക്കുകയാണ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രവൃത്തി നിർഭാഗ്യകരമാണ്. സർക്കാരിന് മതപരമായ ബന്ധം പാടില്ലെന്ന ഭരണഘടനാ തത്വം ബി.ജെ.പി സർക്കാർ ലംഘിക്കുകയാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.