modi

 ശ്രീകോവിലിൽ മോദി അടക്കം അഞ്ച് പേർ മാത്രം

അയോദ്ധ്യ : ശ്രീരാമക്ഷേത്രം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നു കൊടുക്കുന്നത് പ്രധാനമൂർത്തിയായ രാംലല്ലയ്ക്ക് (ബാലനായ രാമൻ) മുന്നിലെ തിരശീല നീക്കിയാകുമെന്ന് സൂചന. ആദ്യം രാമന്റെ മുഖത്തിന് നേർക്ക് കണ്ണാടി കാണിക്കും. ശേഷം ദോഷദൃഷ്ടി പതിയാതിരിക്കാൻ മോദി കൺമഷിയാൽ രാമന്റെ കണ്ണെഴുതി, തങ്കനൂലിൽ നെയ്‌ത വസ്ത്രം ധരിപ്പിക്കും. തുടർന്ന് വിഗ്രഹം നഗര പ്രദക്ഷണത്തിന് കൊണ്ടുപോകും. ഉച്ചയ്ക്ക് 12:29:8ൽ ആരംഭിച്ച് 12:30:32ൽ അവസാനിക്കുന്ന 84 സെക്കൻഡുള്ള ശുഭമുഹൂർത്തത്തിൽ പ്രാണപ്രതിഷ്ഠ നടത്തും. 56 കൂട്ടം ഭക്ഷണ വിഭവങ്ങൾ രാമന് നേദിക്കും. ആദ്യ ദീപാരാധന (ആരതി) പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തും.

ചടങ്ങുകൾക്ക് മുൻപ് സരയൂ നദിയിലെ ജലം തളിച്ച് പരിസരം ശുദ്ധമാക്കും.

മോദി ഉൾപ്പെടെ അഞ്ച് പേർ മാത്രമാകും ശ്രീകോവിലിൽ. മറ്റുള്ളവർ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. രാം ലല്ലയുടെ പഴയ വിഗ്രഹം രാമനവമി പോലെ പ്രധാന ദിവസങ്ങളിൽ നഗരപ്രദക്ഷിണത്തിന് മറ്റും കൊണ്ടുപോകും.