modi

ന്യൂഡൽഹി: ഇന്ത്യയുടെ വികസന കുതിപ്പിൽ അയോദ്ധ്യ പുതിയ ഉൗർജ്ജമാകുമെന്നും, ജനുവരി 22ലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിനെ ലോകം ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസനവും പൈതൃകവും ചേർന്ന ശക്തിയാണ് രാജ്യത്തെ നയിക്കുന്നത്. അയോദ്ധ്യയിൽ വിവിധ ഉദ്ഘാടനങ്ങൾ നിർവഹിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.

പുതുതായി നിർമ്മിച്ച മഹർഷി വാൽമീകി അയോദ്ധ്യ ധാം ഇന്റർനാഷണൽ വിമാനത്താവളവും നവീകരിച്ച അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനും രാജ്യത്തിന് തുറന്നു കൊടുത്തു. അയോദ്ധ്യയിൽ നിന്ന് ഡൽഹി ആനന്ദ് വിഹാറിലേക്കടക്കം ആറ് വന്ദേഭാരതും, രണ്ട് അമൃത് ഭാരത് ട്രെയിനുകളും ഫ്ളാഗ് ഒാഫ് ചെയ്‌തു. ഡൽഹിയിൽ നിന്നുള്ള വിമാനമാണ് ആദ്യമായി ഇറങ്ങിയത്.

രാവിലെ 11മണിക്ക് മഹർഷി വാൽമീകി അയോദ്ധ്യ ധാം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ചടങ്ങിന് ശേഷം അയോദ്ധ്യാ റെയിൽവേ സ്റ്റേഷനിലേക്കുള്ള 10 കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തി.

അയോദ്ധ്യയിൽ 11,100 കോടി രൂപയുടെയും ഉത്തർപ്രദേശിലെ മറ്റു പ്രദേശങ്ങളിൽ 4,600 കോടി രൂപയുടെയും (ആകെ15,700 കോടി) വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു.

ഫലത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗദ്യോഗിക തുടക്കം കുറിക്കുകയായിരുന്നു മോദി. അയോദ്ധ്യയായിരിക്കും മുഖ്യപ്രചാരണ വിഷയമെന്നും ഇതോടെ ഉറപ്പായി.

 22ന് വരരുത്; വീടുകളിൽ ദീപം തെളിക്കുക

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്ന ജനുവരി 22 ന് അയോദ്ധ്യ സന്ദർശിക്കരുതെന്നും പകരം, എല്ലാ ഇന്ത്യക്കാരും വീട്ടിൽ ദീപം തെളിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 23 മുതൽ എപ്പോൾ വേണമെങ്കിലും വരാം.