lakhveer

ന്യൂഡൽഹി: മൊഹാലിയിലെ പഞ്ചാബ് ഇന്റലിജൻസ് ആസ്ഥാനത്ത് സ്‌ഫോടനം നടത്തിയ കേസിലെ മുഖ്യപ്രതി ലഖ്‌ബീർ സിംഗ് ലാൻഡയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി സംഘടന ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബി.കെ.ഐ) പ്രവർത്തകനാണ്.

പഞ്ചാബ് സ്വദേശിയായ ലാൻഡയ്ക്കെതിരെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ, കൊള്ള, കൊലപാതകങ്ങൾ എന്നിവ അടക്കം നിരവധി ക്രിമിനൽ കേസുകളുണ്ട്. ആയുധങ്ങളും മയക്കുമരുന്നുകളും കടത്തിയ കേസിലും പ്രതിയാണ്. പഞ്ചാബിൽ നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ ആസൂത്രണം ചെയ്യുന്ന ഇയാൾക്കെതിരെ
2021 ജൂൺ മുതൽ ലുക്കൗട്ട് സർക്കുലർ ഇറക്കുന്നു. മൊഹാലിയിലേതിന് പുറമെ സർഹാലി പൊലീസ് സ്‌റ്റേഷൻ ആക്രമത്തിലും പ്രതിയാണ്. ജൂലായിൽ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട ലാൻഡയുടെ തരൺ തരൺ ജില്ലയിലെ കിരിയാൻ ഗ്രാമത്തിലുള്ള സ്വത്ത് കണ്ടുകെട്ടാൻ പ്രത്യേക എൻ.ഐ.എ കോടതി ഉത്തരവിട്ടിരുന്നു.

കാനഡയിൽ ആൽബെർട്ടയിലെ എഡ്മണ്ടനിൽ താമസിക്കുന്ന 34കാരനായ ലാൻഡയ്‌ക്ക് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സിക്ക് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നുനുമായി അടുത്ത ബന്ധമുണ്ട്.