vinesh-phogat

ന്യൂഡൽഹി: ലൈംഗിക ആരോപണം നേരിടുന്ന ഗുസ്‌തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ അടുപ്പക്കാരൻ സഞ്ജയ് സിംഗ് പുതിയ ഭരണ സമിതിയുടെ അദ്ധ്യക്ഷനായതിൽ പ്രതിഷേധിച്ച് ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് വിനേഷ് ഫോഗട്ടും കായിക മെഡലുകൾ വഴിയിൽ ഉപേക്ഷിച്ചു. അർജുന, ഖേൽ രത്‌ന അവാർഡുകളാണ് ഇന്നലെ ഡൽഹിയിലെ കർത്തവ്യ പഥിൽ ഉപേക്ഷിച്ചത്. ഭരണ സമിതിയെ സസ്പെൻഡ് ചെയ്ത് അഡ്ഹോക് കമ്മറ്റിയെ നിയോഗിച്ചെങ്കിലും താരങ്ങൾ തൃപ്തരല്ല.

ഗുസ്‌തി താരം ബജ്‌റംഗ് പൂനിയ പദ്മശ്രീ ഇതുപോലെ വഴിയിൽ ഉപേക്ഷിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ലോക്‌കല്യാൺ മാർഗിലെ വസതിക്കു മുന്നിൽ പ്രതിഷേധം നടത്തി മെഡൽ ഉപേക്ഷിക്കാനായിരുന്നു വിനേഷ് ഫോഗട്ടിന്റെ പദ്ധതി.

വനിതാ ഗുസ്തിക്കാർക്ക് നീതി ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് അർജുന, ഖേൽ രത്‌ന അവാർഡുകൾ തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട് പ്രധാനമന്തിക്ക് കത്തെഴുതിയിരുന്നു. വനിതാ ഗുസ്‌തി താരങ്ങൾ അപമാനിക്കപ്പെടുന്ന സാഹചര്യത്തിൽ മെഡലുകൾ കൈവശം വയ്‌ക്കുന്നതിൽ അർത്ഥമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

വിനേഷിനെ പൊലീസ് ഇന്ത്യാഗേറ്റിലേക്കുള്ള കർത്തവ്യപഥിൽ തടഞ്ഞു. തുടർന്ന് നടപ്പാതയിൽ മെഡലുകൾ ഉപേക്ഷിക്കുകയായിരുന്നു.

പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ഒളിമ്പ്യൻ സാക്ഷി മാലിക് ഗുസ്‌തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.തുടർന്നാണ് കായിക മന്ത്രാലയം പുതിയ ഭരണ സമിതിയെ സസ്‌പെൻഡ് ചെയ്‌ത് അഡ്ഹോക് സമിതിയെ നിയമിച്ചത്.