
ന്യൂഡൽഹി: അയോദ്ധ്യയിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിൽ കേരളത്തിലെ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചും പരാമർശിച്ചു. രാമായണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നാലമ്പല യാത്രയുള്ളത് വടക്കെ ഇന്ത്യയിൽ അധികമാരും അറിയാനിടയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമന്റെയും സഹോദരങ്ങളുടെയും പേരിലുള്ള തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നൻ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചുള്ള യാത്രയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രാജ്യത്ത് ജനങ്ങളെ ബന്ധിപ്പിക്കുന്ന തീർത്ഥാടന യാത്രകളെക്കുറിച്ച് പരാമർശിക്കവെ ശബരിമലയെക്കുറിച്ചും പറഞ്ഞു.
2023 കുടുംബശ്രീക്ക് ലോക റെക്കോഡുകളുടെ വർഷം
തിരുവനന്തപുരം: 2023ൽ ലോക റെക്കോഡുകളുടെ തുടർനേട്ടം സ്വന്തമാക്കി കുടുംബശ്രീ. നൂതന ആശയങ്ങൾ ഫലപ്രദമായി നടപ്പാക്കുന്ന പ്രവർത്തനമികവിന്റെ കരുത്തിൽ കുടുംബശ്രീ ഈ വർഷം നേടിയെടുത്തത് നാലു ലോക റെക്കോഡുകൾ. ഓണത്തോടനുബന്ധിച്ച് തൃശൂർ ജില്ലാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാതിരുവാതിര, അട്ടപ്പാടിയിലെ ആദിവാസി വിദ്യാർത്ഥികൾ തയ്യാറാക്കിയ 720 അടി നീളമുള്ള ചിത്രം, ദേശീയ സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ചവിട്ടു നാടകം എന്നിവയ്ക്ക് ടാലന്റ് വേൾഡ് റെക്കോഡും ദേശീയ സരസ് മേളയോടനുബന്ധിച്ച് പട്ടികവർഗ വിഭാഗത്തിൽപെട്ട വനിതകൾ ചേർന്ന് ചെറുധാന്യങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ വൈവിദ്ധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയതിനുള്ള ബെസ്റ്റ് ഇന്ത്യ ലോക റെക്കോഡുമാണ് കുടുംബശ്രീ ഈ വർഷം സ്വന്തമാക്കിയത്.
കണ്ണൂർ വിസി : റിവ്യൂ
ഹർജിയുമായി സർക്കാർ
ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് ഡോ. ഗോപിനാഥ് രവീന്ദ്രനെ നീക്കിയ വിധി പുനഃപരിശോധിക്കാൻ സർക്കാർ സുപ്രീംകോടതിയിൽ. ചേംബറിൽ കേൾക്കാതെ തുറന്ന കോടതിയിൽ ഹർജി പരിഗണിക്കണമെന്നും ആവശ്യമുണ്ട്. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ച ഹൈക്കോടതി വിധി നവംബർ 30നാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഗവർണറെയും സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച കോടതി, ഗവർണർ സംസ്ഥാന സർക്കാരിന്റെ റബർ സ്റ്റാമ്പ് ആകരുതെന്ന് ചൂണ്ടിക്കാട്ടി. തീരുമാനത്തിൽ സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്നും കണ്ടെത്തി.