modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നു കൊടുത്ത റെയിൽവേ സ്റ്റേഷനും വിമാനത്താവളവും മറ്റ് പദ്ധതികളും അയോദ്ധ്യാ നഗരത്തിന്റെ മുഖച്ഛായ മാറ്റും.

നവീകരിച്ച അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് നിലവിൽ 10,000 യാത്രക്കാരെ ഉൾക്കൊള്ളാനാകുമെന്നും നവീകരണം പൂർത്തിയാകുമ്പോൾ ശേഷി 60,000 ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്റ്റേഷന്റെ ഒന്നാം ഘട്ടം 240 കോടിയിലധികം ചെലവിലാണ് പൂർത്തിയാക്കിയത്. മഹർഷി വാത്മീകി വിമാനത്താവളത്തിന് ആദ്യ ഘട്ടത്തിൽ പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. രണ്ടാം ഘട്ടത്തിൽ ഇത് 60 ലക്ഷമായി ഉയരും. 6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ആദ്യഘട്ട നിർമ്മാണത്തിന്

1450 കോടിയിലധികം രൂപ ചെലവായി. ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗം അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന് സമാനം. ഉള്ളിലെ ഭിത്തികളിൽ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പെയിന്റിംഗുകൾ, ചുവർചിത്രങ്ങളും. ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കുന്ന

റാംപഥ്, ഭക്തിപഥ്, ധരപഥ്, ശ്രീരാമ ജന്മഭൂമി പാത എന്നീ നാല് റോഡുകളും വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന അയോദ്ധ്യ-സുൽത്താൻപൂർ നാലുവരിപാത, ശ്രീരാമ ജന്മഭൂമി വരെയുള്ള നാലുവരിപ്പാത, അയോദ്ധ്യ ബൈപ്പാസിനും നഗരത്തിലുമുള്ള റോഡുകളും ഉദ്ഘാടനം ചെയ്തു.

അയോദ്ധ്യയിലെ നാല് പ്രവേശന കവാടങ്ങളുടെ സംരക്ഷണവും സൗന്ദര്യവത്കരണത്തിനുമുള്ള പദ്ധതിക്ക് തുടക്കമായി. ഗുപ്തർ ഘട്ട്- രാജ്ഘട്ട് പ്രദേശത്തെ നവീകരണം, നയാ ഘട്ട് മുതൽ ലക്ഷ്മൺ ഘട്ട് വരെയുള്ള വിനോദ സഞ്ചാര സൗകര്യങ്ങൾ, രാം കി പൈഡിയിൽ സന്ദർശക ഗാലറി, രാം കി പൈഡി-രാജ് ഘട്ട് തീർത്ഥാടക പാത നവീകരണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ചു.

2180 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന ഗ്രീൻഫീൽഡ് ടൗൺഷിപ്പിനും 300 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന വസിഷ്ഠകുഞ്ച് ഭവന പദ്ധതിക്കും പുതിയ ലക്‌നൗ-അയോദ്ധ്യ ദേശീയ പാത 27നുമുള്ള തറക്കല്ലിടലും നിർവഹിച്ചു.

ഇന്ത്യൻ റെയിൽവേയുടെ പുതിയ 'അമൃത് ഭാരത്' പരമ്പരയിലെ ആദ്യത്തെ ദർഭംഗ-അയോദ്ധ്യ-ആനന്ദ് വിഹാർ ടെർമിനൽ, മാൾഡ ടൗൺ-സർ എം. വിശ്വേശ്വരയ്യ ടെർമിനസ് (ബാംഗളൂരു) എക്‌സ്‌പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. അയോദ്ധ്യാ ട്രെയിനിൽ യാത്ര ചെയ്‌ത സ്‌കൂൾ കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു. ജോലിയുമായി ബന്ധപ്പെട്ട് ദീർഘദൂരം സഞ്ചരിക്കുന്നവർക്കും വരുമാനം കുറഞ്ഞവർക്കും ആധുനിക സൗകര്യങ്ങളോടെ സുഖകരമായി യാത്ര ചെയ്യാൻ അർഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദരിദ്രരുടെ ജീവിതത്തിന്റെ അന്തസ്സ് കണക്കിലെടുത്താണ് ഈ ട്രെയിനുകൾ രൂപകൽപ്പന ചെയ്തത്.

ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര-ന്യൂ ഡൽഹി, അമൃത്‌സർ-ഡൽഹി, കോയമ്പത്തൂർ-ബംഗളൂരു കന്റോൺമെന്റ്, മംഗലാപുരം-മഡ്ഗാവ്, ജൽന-മുംബയ്, അയോദ്ധ്യ-ആനന്ദ് വിഹാർ ടെർമിനൽ വന്ദേഭാരത് എക്‌സ്‌പ്രസുകളും മോദി ഫ്ളാഗ് ഓഫ് ചെയ്‌തു. മേഖലയിലെ പാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു.