
ന്യൂഡൽഹി: ഖത്തറിൽ ചാരവൃത്തി കേസിൽ വധശിക്ഷ ഒഴിവായെങ്കിലും എട്ട് ഇന്ത്യൻ നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്ന് സൂചന. അതേസമയം 2015ൽ ഒപ്പിട്ട കുറ്റവാളി കൈമാറ്റ കരാർ ഖത്തർ അംഗീകരിക്കാത്തതും തിരിച്ചടിയായി. നിയമ സഹായം ഉറപ്പാക്കാനും മറ്റുമായി ഖത്തർ എംബസി ഉദ്യോഗസ്ഥർക്ക് തടവുകാരുമായി സംസാരിക്കാൻ അനുമതി തേടി ഇന്ത്യ അപേക്ഷ നൽകി.
ജയിൽ ശിക്ഷയുടെ വിവരങ്ങൾ ഇന്ത്യയോ ഖത്തറോ പുറത്തുവിട്ടിട്ടില്ല. നാവികരുടെ ബന്ധുക്കളിൽ ചിലരാണ് മൂന്നു വർഷം മുതൽ 25 വർഷം വരെ തടവു ശിക്ഷ കിട്ടാമെന്ന സൂചന നൽകുന്നത്. മുൻപ് വധശിക്ഷ ഒഴിവായ ഒരാൾ 25 വർഷം തടവ് അനുഭവിച്ചതായി അവർ പറഞ്ഞു.
2015ൽ ഇന്ത്യയും ഖത്തറും ഒപ്പിട്ട കരാർ പ്രകാരം കുറ്റവാളികൾക്ക് മാതൃരാജ്യത്ത് ശേഷിക്കുന്ന കാലത്തെ ശിക്ഷ അനുഭവിക്കാൻ സാധിക്കും. എന്നാൽ കരാർ ഇരുപക്ഷവും അംഗീകരിക്കേണ്ടതുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കരാർ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്.
ഇസ്രായേൽ എംബസി സ്ഫോടനം: കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്
ന്യൂഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം ഡിസംബർ 26 ന് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയുടെ നിർദ്ദേശപ്രകാരം കേസ് വിശദമായ അന്വേഷണത്തിനായി പ്രത്യേക സെല്ലിലേക്ക് മാറ്റി.
പൊലീസ്, സ്പെഷ്യൽ സെൽ, എൻ.ഐ.എ, എൻ.എസ്.ജി എന്നിവ നാലു ദിവസം നടത്തിയ പരിശോധനകൾക്കു ശേഷമാണ് വെള്ളിയാഴ്ച രാത്രി കേസ് രജിസ്റ്റർ ചെയ്തത്. സ്ഫോടനവുമായി ബന്ധപ്പെട്ട വസ്തുക്കളൊന്നും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയില്ലെങ്കിലും രാസവസ്തുക്കൾ ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു. ചെടികളുടെ ഇലകളിൽ നിന്നും പുല്ലിൽ നിന്നും നിരവധി സാമ്പിളുകൾ ഫോറൻസിക് വിദഗ്ധർ ശേഖരിച്ചിരുന്നു. മരങ്ങളുടെ കൊമ്പുകളും പുല്ലും വെട്ടിയെടുത്ത് അന്വേഷണത്തിനായി കൊണ്ടുപോയി. എൻ.എസ്.ജിയുടെ ഡോഗ് സ്ക്വാഡിലെ രണ്ട് നായ്ക്കളുടെ സഹായത്തോടെ പരിസരം പരിശോധിച്ചു.
സ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്ന് ഇംഗ്ലീഷിൽ എഴുതിയ കത്ത് ലഭിച്ചിരുന്നു. ഇസ്രായേലിനെതിരെ അപകീർത്തികരമായ ഉള്ളടക്കമുള്ള കത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം തുടരുന്നു.
സംഭവം നടന്ന സമയത്ത് സ്ഥലത്തെ മൊബൈൽ ടവറുകളുടെ പരിധിയിൽ വന്ന മൊബൈൽ ഫോൺ നമ്പരുകളും സിസിടിവി ദൃശ്യങ്ങളുംപരിശോധിച്ചെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. സമീപത്ത് കണ്ട രണ്ട് അപരിചിതരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇവരുടെ രേഖാചിത്രം തയ്യാറാക്കും.