g

ന്യൂഡൽഹി: രാമക്ഷേത്രവും ഹിന്ദി ഭൂമിയിലെ മേധാവിത്വവും മുതലാക്കി ഹാ‌ട്രിക് വിജയം നേടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തോൽവികൾ പാഠമാക്കി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ 'ഇന്ത്യ" മുന്നണിയും പോരാടുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പുതുവർഷം.

ക്ഷേമ പദ്ധതികളും സർക്കാർ നേട്ടങ്ങളും വികസിത സങ്കൽപ യാത്രയുമായി മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് 22ന് രാമക്ഷേത്രം പ്രതിഷ്‌ഠ നടത്തുന്നത്. അതു കഴിഞ്ഞാൽ, വൈകാതെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. രാമക്ഷേത്രത്തെ ചൂടോടെ വോട്ടാക്കുകയാണ് ലക്ഷ്യം. അയോദ്ധ്യയിലടക്കം ഉത്തരേന്ത്യയിൽ വമ്പൻ വികസന പദ്ധതികളും നടപ്പാക്കുകയാണ്. ഹിന്ദുത്വവും വികസനവും സമന്വയിപ്പിച്ചുള്ള തന്ത്രമാണ് പയറ്റുന്നത്.

2047ൽ വികസിത ഇന്ത്യ എന്ന 'മോദിയുടെ ഗാരന്റി"യാണ് മുദ്രാവാക്യം. അതിന് ബി.ജെ.പിയുടെ സുസ്ഥിര സർക്കാർ അനിവാര്യമെന്നാവും പ്രചാരണം. 2019ൽ 37ശതമാനം വോട്ടോടെ 303 സീറ്റ് ഒറ്റയ്‌ക്കുനേടിയ ബി.ജെ.പി ഇക്കുറി 50ശതമാനം വോട്ടും ഉയർന്ന ഭൂരിപക്ഷവുമാണ് ലക്ഷ്യമിടുന്നത്. 543 അംഗ ലോക്‌സഭയിൽ 350-400 സീറ്റിന്റെ റെക്കാ‌ഡ് വിജയമാണ് നോട്ടം. മൂന്ന് സംസ്ഥാനങ്ങളിൽ പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കിയതുപോലെ ലോക് സഭാ സ്ഥാനാർത്ഥികളായി പുതിയ മുഖങ്ങളെ ബി.ജെ.പി അവതരിപ്പിച്ചേക്കും.

'ഇന്ത്യ" കരുത്താക്കാൻ

കോൺഗ്രസ്

രാജസ്ഥാനും ഛത്തീസ്ഗഢും നഷ്‌ടമായെങ്കിലും ഹിമാചൽ, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചത് കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും ആശ്വാസമാണ്. 2019ൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും ജയിച്ചതിന്റെ മികവ് ലോക്‌സഭയിൽ കിട്ടിയിരുന്നില്ല. (19% വോട്ട്).

'ഇന്ത്യ" സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ല. കേരളം, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ പരസ്പരം മത്സരിക്കുന്ന ഘടകകക്ഷികൾ മറ്റിടങ്ങളിൽ ഒന്നിക്കുന്നതിനെ ബി.ജെ.പി കളിയാക്കുന്നു. ബംഗാളിൽ തൃണമൂലിനെപ്പോലെ, ശക്തി കേന്ദ്രങ്ങളിൽ ഘടകകക്ഷികൾക്ക് സീറ്റു വിട്ടുകൊടുക്കാനുള്ള വിമുഖത കീറാമുട്ടിയാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ മത്സരിക്കാൻ സാദ്ധ്യത. പ്രധാനമന്ത്രി മോഹികൾ ഏറെയുള്ളതും തലവേദന.

രാഹുലിന്റെ യാത്ര

രാഹുൽ ഗാന്ധി ജനുവരി 14ന് തുടങ്ങുന്ന ഇംഫാൽ-മുംബയ് ഭാരത് ന്യായ യാത്ര കേന്ദ്ര നയങ്ങൾക്കെതിരായ പ്രചാരണമാക്കാനാണ് കോൺഗ്രസ് നീക്കം. സാമ്പത്തിക - സാമൂഹിക - രാഷ്ട്രീയ നീതി, തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ചയാക്കും.

ബി.ജെ.പിക്ക്

വെല്ലുവിളി

ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിച്ച് ഇന്ത്യ മുന്നണിയിലേക്ക് പോകാൻ സാദ്ധ്യത

 മണിപ്പൂർ കലാപം ഭരണവിരുദ്ധ വികാരമാവും

രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ യാത്രയുടെ ജനപ്രീതി‌

 വിലക്കയറ്റം, തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രതിസന്ധി

കോൺഗ്രസ്- ഇന്ത്യാ

മുന്നണിക്ക് വെല്ലുവിളി

പ്രധാനമന്ത്രി സ്ഥാനാർത്ഥി, സീറ്റ് ധാരണ

പരസ്‌പരം മത്സരിക്കുന്ന സഖ്യകക്ഷികൾ

 ബി. ജെ. പിയുടെ രാമക്ഷേത്രം-ഹിന്ദുത്വ അജണ്ട

 കേന്ദ്രത്തിലും 12 സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണം

 വൈ.എസ്.ആർ.പി, ടി.ഡി.പി, ബി.എസ്.പി, ബി.ആർ.എസ് തുടങ്ങിയ കക്ഷികളുടെ പിന്തുണയില്ല