
ന്യൂഡൽഹി : 2024ൽ ഹാട്രിക് വിജയത്തോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്നും അവിയൽ സർക്കാർ രാജ്യത്തിന് ആവശ്യമില്ലെന്ന് 'ഇന്ത്യ"സഖ്യത്തെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖം ഇന്നലെ മോദിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യാ ടുഡേയുടെ 2023ലെ ന്യൂസ് മേക്കർ പുരസ്കാരം മോദിക്കാണ്.
രാജ്യത്ത് ബി.ജെ.പിക്ക് പിന്തുണയില്ലാത്ത ഒരിടവുമില്ല. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ പാർട്ടിയുണ്ട്. കർണാടകയിൽ ആറ് മാസം മുൻപ് ബി.ജെ.പി സർക്കാരായിരുന്നു. 16 സംസ്ഥാനങ്ങൾ ഭരിക്കുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള നാഗാലാൻഡും മേഘാലയയും ഉൾപ്പെടെ ആറ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ സർക്കാരാണ്. ബീഹാർ, പശ്ചിമബംഗാൾ, ഒഡിഷ, ജാർഖണ്ഡ് തുടങ്ങി എട്ടിടങ്ങളിൽ പ്രതിപക്ഷമാണ്. ലോക്‌സഭാ സീറ്രിന്റെ എണ്ണത്തിൽ ദക്ഷിണേന്ത്യയിലെ വലിയ പാർട്ടിയാണ്. 1984ൽ രണ്ട് സീറ്രായിരുന്നു. ഇപ്പോൾ 303 ആണ്. ജനപിന്തുണ ഇല്ലാതെ ഇങ്ങനെ നിർണായക ശക്തിയാകുമോ എന്ന് മോദി ചോദിച്ചു.
'ഇന്ത്യ" സഖ്യത്തെ തള്ളി
രാജ്യത്തിന് അവിയൽ സർക്കാർ (മിലി ജുലി സർക്കാർ) വേണ്ടെന്ന അഭിപ്രായമാണ് ജനങ്ങൾക്ക്. അസ്ഥിരമായ സർക്കാരുകൾ മുപ്പത് വർഷം നഷ്ടപ്പെടുത്തി. അഴിമതിയും കെടുകാര്യസ്ഥതയും പ്രീണന രാഷ്ട്രീയവും കാരണം ജനങ്ങൾക്ക് അവരിൽ വിശ്വാസമില്ലാതായി. രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കി. അതിനാൽ ജനങ്ങൾ ബി.ജെ.പിയെ തിരഞ്ഞെടുക്കുന്നു. കുടുംബാധിപത്യ പാർട്ടികൾക്ക് ജനാധിപത്യ ഭരണം ദുഷ്ക്കരമാണെന്നും കോൺഗ്രസിനെ ഉന്നമിട്ട് മോദി പറഞ്ഞു.
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മൻ കി ബാത്തിൽ
2024ലും രാജ്യത്തിന്റെ മുന്നേറ്റം തുടരണമെന്ന് 2023ലെ അവസാന മൻ കി ബാത്തിൽ മോദി ചൂണ്ടിക്കാട്ടി. പ്രധാന നേട്ടങ്ങൾ വിവരിച്ച മോദി ജനങ്ങൾക്ക് പുതുവർഷാശംസ നേർന്നു.
ഏഷ്യൻ ഗെയിംസിലും ഏഷ്യൻ പാരാ ഗെയിംസിലും നേട്ടം
ചന്ദ്രയാൻ മൂന്നിന്റെ വിജയം
രാജ്യം ഇന്നൊവേഷൻ ഹബ്ബായി
ഫിറ്റ് ഇന്ത്യ പരിപാടി ഊർജ്ജിതം
ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ്, നടൻ അക്ഷയ് കുമാർ, ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ്, ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്രൻ ഹർമൻപ്രീത് കൗർ എന്നിവർ ഫിറ്റ്നസ് ടിപ്പുകൾ നൽകി
രാമക്ഷേത്രം ഹാഷ്‌ടാഗ്
ജനുവരി 22ന് തുറക്കുന്ന രാമക്ഷേത്രത്തിനായി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കാൻ മോദി. ഭജനകളും, കവിതകളും അടക്കം സൃഷ്ടികൾ #shriRamBhajan എന്ന പേരിൽ പോസ്റ്റ് ചെയ്യാൻ ആഹ്വാനം ചെയ്തു.