sanjay-rauyt

ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്രം 22ന് തുറക്കാനിരിക്കെ, 'ഇന്ത്യ' മുന്നണിയിലെ പാർട്ടികളും ബി.ജെ.പിയും തമ്മിൽ രാഷ്ട്രീയ വാക്പോര്. പ്രധാനമന്ത്രിയുടെ ഓഫീസ് അയോദ്ധ്യയിലേക്ക് മാറ്റണമെന്ന് ശിവസേന ഉദ്ധവ് വിഭാഗം പരിഹസിച്ചു.

മറ്റൊന്നും ചെയ്യാത്ത നരേന്ദമോദി സർക്കാർ രാമന്റെ പേരിലായിരിക്കും വോട്ട് ചോദിക്കുന്നത്. രാമക്ഷേത്രത്തിനായി ബാൽ താക്കറെയും ശിവസേന പ്രവർത്തകരും ഒട്ടേറെ ത്യാഗം ചെയ്തു. രക്തവും അദ്ധ്വാനവും നൽകി. ആഘോഷങ്ങൾ ബി.ജെ.പി നയിക്കേണ്ട കാര്യമില്ലെന്നും പാർട്ടി നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു.

മതപരമായ ചടങ്ങിനെ ബി. ജെ. പി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസും, തൃണമൂൽ കോൺഗ്രസും, സി.പി.എമ്മും, മുസ്ലീം ലീഗും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്നു.

രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയല്ലെന്നും, കോടിക്കണക്കിന് വിശ്വാസികളുടെ അഭിമാനത്തിന്റെ വിഷയമാണെന്നും ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗം തിരിച്ചടിച്ചു. എതിർക്കുന്നവർക്ക് വിശ്വാസികൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതികരിച്ചു. വോട്ട് നേടാനുള്ള രാഷ്ട്രീയ വിഷയമല്ല ബി.ജെ.പിക്ക് രാമക്ഷേത്രമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

പോയില്ലെങ്കിൽ നിർഭാഗ്യം : കോൺഗ്രസ് നേതാവ്

രാമക്ഷേത്രത്തിന് ക്ഷണം ലഭിച്ചവർ ഭാഗ്യവാന്മാരെന്നും, പോയില്ലെങ്കിൽ അവരുടെ നിർഭാഗ്യമെന്നും ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കാം. തീരുമാനങ്ങളോട് വിയോജിക്കാം. എന്നാൽ, മോദിയെ വെറുക്കുന്നത് ജനാധിപത്യത്തിൽ നല്ല സൂചനയല്ല. ശ്രീരാമനെ എതിർക്കുന്നവർ നിരീശ്വരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.