
ന്യൂഡൽഹി : സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പുതുവത്സര തലേന്ന് അടുക്കളയിൽ പാചകം ചെയ്തത് ഓറഞ്ച് മാർമലെയ്ഡ്. മേമ്പൊടിയായി തിളച്ച് രാഷ്‌ട്രീയവും.
ഓറഞ്ച് അല്ലികൾ തിളപ്പിച്ച് പൾപ്പാക്കി പഞ്ചസാരയിൽ വിളയിച്ച് സൂക്ഷിക്കുന്നതാണിത്. സഹായത്തിന് പാചകക്കാരനും. തോട്ടത്തിലെ ഓറഞ്ച് പറിക്കുന്നത് തുടങ്ങി കുപ്പികളിലാക്കുന്നത് വരെ 5:36 മിനിറ്റ് വീഡിയോ രാഹുൽ ഗാന്ധിയുടെ യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.
"സ്നേഹത്തോടെ, സോണിയയും രാഹുലും" എന്ന കുറിപ്പ് കുപ്പികളിൽ കെട്ടുകയും ചെയ്തു. പ്രിയങ്ക ഗാന്ധിയുടെ പാചകക്കുറിപ്പ് പ്രകാരമാണ് സോണിയക്ക് പ്രിയപ്പെട്ട മാർമലെയ്ഡ് ഉണ്ടാക്കിയത്.
പാചകത്തിനിടയിൽ രാഷ്ട്രീയവും
ബി.ജെ.പിക്ക് വേണമെങ്കിൽ കൊടുക്കാമെന്ന് ഓറഞ്ച് പൾപ്പ് ഇളക്കി രാഹുൽ പറയുന്നു. അവരത് തിരിച്ച് എറിയുമെന്ന് സോണിയ. എങ്കിൽ വീണ്ടും ഓറഞ്ച് പറിച്ചെടുക്കാമെന്ന് ചിരിച്ചുകൊണ്ട് രാഹുൽ. ഭക്ഷണത്തിന്റെ പേരിൽ രാഷ്ട്രീയ തർക്കങ്ങളുണ്ട്. ഗാന്ധിജി സസ്യഭുക്കായിരുന്നു. തനിക്കും സ്വന്തമായി പോഷകാഹാര ആശയങ്ങളുണ്ടെന്നും രാഹുൽ.
ആർക്കും വഴങ്ങാത്ത മകന്റെ സ്വഭാവത്തെ കുറിച്ച് സോണിയ ആശങ്കപ്പെടുന്നുണ്ട്. മകന്റെ കരുതൽ ഇഷ്ടപ്പെടുന്നു. താനും ശാഠ്യക്കാരിയാണ്. ഇന്ത്യൻ വിഭവങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുത്തു. പ്രത്യേകിച്ച് മുളകും പച്ചമല്ലിയും - സോണിയ ഓർമ്മിച്ചു. ആദ്യം അമ്മയ്ക്ക് അച്ചാർ ഇഷ്ടമല്ലായിരുന്നു, ഇപ്പോൾ അങ്ങനെയല്ലെന്നും രാഹുൽ.