thripunithura

കൊച്ചി: നവകേരളസദസിന് അഞ്ചുദിവസം ബാക്കിനിൽക്കെ എറണാകുളം ജില്ലയിൽ അവസാനഘട്ട ഒരുക്കങ്ങൾ തകൃതി. അങ്കമാലിയിൽ ആരംഭിച്ച് മൂവാറ്റുപുഴയിലാണ് നാലു ദിവസം നീളുന്ന ജനകേരളസദസ് സമാപിക്കുന്നത്. 14 നിയമസഭാ മണ്ഡലങ്ങളിലൂടെ മന്ത്രിസഭ സഞ്ചരിക്കും.

ജനങ്ങളുടെ പരാതികൾ കേൾക്കാനും അവരുമായി സംവദിക്കാനും ഒരുക്കുന്ന നവകേരള സദസ് വൻവിജയമാക്കാൻ സർക്കാർ സംവിധാനങ്ങളും എൽ.ഡി.എഫ് നേതൃത്വവും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. 14 മണ്ഡലങ്ങളിലും വേദികളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. അനുബന്ധസൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. പരാതികൾ സ്വീകരിക്കാനും പരാതിക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾക്കും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. നവകേരളസദസിൽ എത്തിച്ചേരുന്നതിന് വിപുലമായ ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. എല്ലാവിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ 14 മണ്ഡലങ്ങളിലെയും ക്രമീകരണങ്ങൾ പ്രതിദിനം വിലയിരുത്തി പഴുതടച്ചാണ് നീങ്ങുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് തുടരുന്നത്. സിറ്റി, എറണാകുളം റൂറൽ പൊലീസ് മേധാവികളുടെ മേൽനോട്ടത്തിൽ സുരക്ഷാസംവിധാനങ്ങളും ഒരുക്കുന്നുണ്ട്.

ആദ്യ സദസ് അങ്കമാലിയിൽ

ഈമാസം ഏഴിന് രാവിലെ 9 ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗത്തോടെയാണ് ജില്ലയിലെ പരിപാടികൾ ആരംഭിക്കുന്നത്. തൃശൂർ ജില്ലയിലെ ചാലക്കുടി, എറണാകുളം ജില്ലയിലെ അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുക.

ജില്ലയിലെ ആദ്യ നവകേരളസദസ് വൈകിട്ട് 3ന് അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 4.30ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും 6ന് വടക്കൻ പറവൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തും നവകേരള സദസ് നടക്കും.

രണ്ടാം ദിനം 4 മണ്ഡലം
എട്ടിന് രാവിലെ 9ന് കലൂർ ഐ.എം.എ ഹൗസിൽ പ്രഭാതയോഗത്തിൽ വൈപ്പിൻ, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 11ന് ഞാറയ്ക്കൽ ജയ്‌ഹിന്ദ് ഗ്രൗണ്ടിൽ വൈപ്പിൻ മണ്ഡലത്തിലെയും ഉച്ചകഴിഞ്ഞ് മൂന്നിന് ഫോർട്ട്‌കൊച്ചി വെളി ഗ്രൗണ്ടിൽ കൊച്ചി മണ്ഡലത്തിലെയും വൈകിട്ട് 4.30ന് പത്തടിപ്പാലം റസ്റ്റ് ഹൗസിന് സമീപം കളമശേരി മണ്ഡലത്തിലെയും വൈകിട്ട് 6ന് മറൈൻഡ്രൈവിൽ എറണാകുളം മണ്ഡലത്തിലെയും നവകേരള സദസുകൾ നടക്കും.

മൂന്നാംദിനം നാലിടത്ത്
തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ പ്രമുഖരുമായി ഒമ്പതാം തീയതി രാവിലെ 9ന് തൃപ്പൂണിത്തുറ അഭിഷേകം കൺവൻഷൻ സെന്ററിൽ പ്രഭാതയോഗം ചേരും. 11ന് കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ തൃക്കാക്കര, ഉച്ചയ്ക്ക് 3ന് പുതിയകാവ് ക്ഷേത്ര മൈതാനിയിൽ തൃപ്പൂണിത്തുറ, വൈകിട്ട് 4.30ന് പിറവം കൊച്ചുപള്ളി മൈതാനത്ത് പിറവം, 6ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ കുന്നത്തുനാട് മണ്ഡലത്തിലെയും നവകേരള സദസുകൾ നടക്കും.

സമാപനം മൂവാറ്റുപുഴയിൽ
പത്താം തിയതി രാവിലെ 9ന് വെങ്ങോല ഹമാരാ ഓഡിറ്റോറിയത്തിൽ പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ പ്രഭാതയോഗം ചേരും. 11ന് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ പെരുമ്പാവൂരിലെയും ഉച്ചയ്ക്ക് മൂന്നിന് മാർ ബേസിൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ കോതമംഗലത്തെയും 4.30ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മൂവാറ്റുപുഴയിലെയും നവകേരള സദസുകളോടെ ജില്ലയിലെ പര്യടനത്തിന് സമാപനമാകും.