bus

വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗരപ്രവേശത്തിനായി സർക്കാർ ഇറക്കിയ വിജ്ഞാപനം അതേപടി നടപ്പിലാക്കിയാൽ വൈപ്പിൻകരക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുകയില്ലെന്നും ഇന്നുള്ളതിലും മോശമാവുമെന്നും ഫെഡറേഷൻ ഒഫ് റെസിഡന്റ്സ് അസോസിയേഷൻ ഇൻ ഗോശ്രീ ഐലൻഡ് (ഫ്രാഗ്) കുറ്റപ്പെടുത്തി.
പറവൂർ- ചെറായി റൂട്ട് പൂർണമായി ദേശസാത്കരിച്ചുകൊണ്ട് പറവൂർ എറണാകുളം റൂട്ടിലെ 65 ബസുകളുടെ യാത്ര മുടക്കുന്നതാണ് മരട് വിജ്ഞാപനത്തിലെ ഒരു വ്യവസ്ഥ. വൈപ്പിൻ റൂട്ട് ദേശസാത്കൃത റൂട്ടായി പ്രഖ്യാപിച്ചുകൊണ്ട് ഇവിടെനിന്നുള്ള ബസുകളുടെ ഓവർലാപ്പിംഗ് പരമാവധി 25 കിലോ മീറ്ററായി ചുരുക്കുന്നതാണ് മറ്റൊരു വ്യവസ്ഥ.
കരട് വിജ്ഞാപനത്തിൽ ചൂണ്ടിക്കാണിച്ച ന്യൂനതകൾ മുഴുവൻ 271123ന് ഇറങ്ങിയ അന്തിമ വിജ്ഞാപനത്തിലുണ്ട്. വിജ്ഞാപനത്തിൽ പറയുന്നത് പറവൂർ-വൈറ്റില ഹബ് 36 കിലോ മീറ്ററും പറവൂർ- കാക്കനാട് 38 കിലോ മീറ്ററും ഉണ്ടെന്നാണ്. ഇതേ വിജ്ഞാപനം തന്നെ അനുവദിക്കുന്നത് ഈ റൂട്ടിൽ പരമാവധി ഓവർലാപ്പിംഗ് 25 കിലോ മീറ്ററാണ്. അങ്ങിനെയെങ്കിൽ പറവൂർ ബസുകൾക്ക് നഗരപ്രവേശം എങ്ങിനെ സാദ്ധ്യമാകും. ഹൈക്കോടതി-മുനമ്പം റൂട്ട് 28 കിലോ മീറ്ററാണ്. മുനമ്പത്ത് നിന്ന് പുറപ്പെടുന്ന 25 ബസുകളും കൊടുങ്ങല്ലൂരിൽ നിന്ന് വരുന്ന 8 ബസുകളും ഹൈക്കോടതി കഴിഞ്ഞ് കടന്നു പോകാനാവില്ല.
മുനമ്പം, പറവൂർ എന്നിവിടങ്ങളിൽ നിന്ന് 25 കിലോ മീറ്റർ ഓവർലാപ്പിംഗ് പരിധി പാലിച്ച് വൈറ്റിലയിലോ കാക്കനാട്ടോ എത്താനാവില്ല. ഇപ്പോഴത്തെ വിജ്ഞാപനം പിൻവലിച്ച് ന്യൂനതകൾ പരിഹരിച്ച് നഗരപ്രവേശം നടപ്പാക്കാനുതകുന്ന പുതിയൊരു വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഫ്രാഗ് പ്രസിഡന്റ് വി.പി. സാബു, ജന. സെക്രട്ടറി അനിൽ പ്ലാവിയൻസ് എന്നിവർ ആവശ്യപ്പെട്ടു.