
കൊച്ചി: തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ എറണാകുളം മറൈൻ ഡ്രൈവിലേക്ക് മഹാസാഗരമായി ഒഴുകിയെത്തിയ മഹിളാ കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ 'ഉത്സാഹ്' കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം കൊണ്ട് ഉത്സവ സമാനമായി. 14 ജില്ലകളിൽ നിന്നായി 81,365 പ്രതിനിധികൾ സദസിനൊപ്പം രാഹുൽ ഗാന്ധിയുടെ മനസും കീഴടക്കി. ഉദ്ഘാടനത്തിനിടെ ഇക്കാര്യം രാഹുൽ പങ്കുവച്ചതും കൺവെൻഷന് കരുത്തായി. പ്രിയ നേതാവിനെ വാഴ്ത്തി മഹിളാ കോൺഗ്രസ് പുറത്തിറക്കിയ ഗാനത്തിന് നൃത്തവിരുന്നൊരുക്കിയാണ് രാഹുലിനെ കൊച്ചിയിലേക്ക് വരവേറ്റത്.
11.30ന് ഉദ്ഘാടനം അറിയിച്ചിരുന്നെങ്കിലും രാഹുൽ എത്താൻ വൈകി. ഈ സമയമത്രയും കോൺഗ്രസിന്റെ വനിതാ മുഖങ്ങളും മുതിർന്ന കോൺഗ്രസ് നേതാക്കളും കൺവെൻഷനെ പ്രശംസിക്കാൻ മൈക്ക് സ്വന്തമാക്കി. കെ.പി.സി.സി നിർവാഹക സമിതി അംഗം ദീപ്തി മേരി വർഗീസിൽ തുടങ്ങി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിലാണ് ആശംസാപ്രസംഗങ്ങൾ അവസാനിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ നേതാക്കൾ കടുത്ത ഭാഷയിൽ വിമർശിച്ചു.
വനിതാ ബില്ല് ഉയർത്തിയായിരുന്നു കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനം. നവകേരളാ സദസും മുഖ്യമന്ത്രി പണറായി വിജയന്റെ യാത്രയും ക്ഷേമ പെൻഷൻ മുടങ്ങിയതും ഇടത് സർക്കാരിനെതിരെ ആയുധമാക്കി.
രാഹുലിനെ കാത്തിരുന്ന് മുഷിഞ്ഞ പ്രവർത്തകരെ രമ്യ ഹരിദാസ് നാടൻപാട്ട് ഇടകലർത്തിയുള്ള പ്രസംഗത്തിലൂടെ ഉഷാറാക്കി. ഹിറ്ര് പാട്ടായ താരകപെണ്ണാളയടക്കം രമ്യ പാടി. സദസ് അതേറ്റുപാടി. ഉച്ചയ്ക്ക് 1.05 ഓടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ കറുത്ത പാന്റും വെളുത്ത ടി ഷർട്ടും ധരിച്ച് രാഹുൽ വേദിയിലെത്തി. കൈയടികൾക്ക് കൈകൂപ്പി നന്ദി. സദസിനെ ആശ്ചര്യത്തോടെ നോക്കിയിരുന്ന രാഹുൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി. പ്രസിഡന്റ് കെ. സുധാകരൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ആശംസാ പ്രസംഗത്തിന് ശേഷമാണ് സദസ് തന്റെ മനസുകീഴടക്കിയ കാര്യം തുറന്നുപറഞ്ഞത്.
"പൊതുവേ കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടികളിലെ സദസിൽ പുരുഷന്മാരാണ് അധികവുമുണ്ടാകുക. ഇവിടെ പുരുഷന്മാരെ കണ്ടുപിടിക്കണമെങ്കിൽ മഷിയിട്ട് നോക്കണം. വനിതകൾ നിറഞ്ഞിരിക്കുകയാണ്. വേദിയിലും സ്ത്രീകളാണ് അധികവും. എങ്കിലും പുരുഷന്മാരുമുണ്ട്. രാജ്യത്ത് 50 ശതമാനം സംസ്ഥാനങ്ങളിലും വനിതകൾ മുഖ്യമന്ത്രിമാരാകുന്ന കാലം വിരുദരമല്ല" രാഹുൽ ഗാന്ധിയുടെ വാക്കുകൾ പരിഭാഷയായി മുഴങ്ങും മുമ്പ് ആർപ്പുവിളികളും ആരവങ്ങളും അലയടിച്ചു. ഉദ്ഘാടനത്തിന് ശേഷം രാഹുൽ മടങ്ങി. പൊലീസ് പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു. ഗതാഗതം നിയന്ത്രിക്കേണ്ടി വന്നതിനാൽ ഇടറോഡുകൾ ബ്ലോക്കിൽകുരുങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ. അക്ബർ ഗാതാഗത നിയന്ത്രണത്തിന് നേരിട്ടിറങ്ങിയിരുന്നു.