ആലുവ: പൊലീസ് പരിശോധന നിലച്ചതോടെ റൂറൽ ജില്ലയിൽ ദേശീയപാതകളിൽ ലെയിൻ ട്രാഫിക്ക് സംവിധാനം നിലച്ചു. വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഡ്രൈവർമാരുടെ ഇഷ്ടം പോലെ നിരത്തിലൂടെ ചീറിപ്പായുകയാണ്. ഇത് പലയിടത്തും അപകടങ്ങളും ഗതാഗതകുരുക്കും സൃഷ്ടിക്കുന്നു.

പൊലീസും മോട്ടോർവാഹന വകുപ്പും സംയുക്തമായിട്ടാണ് ദേശീയപാതകളിൽ ലെയിൻ ട്രാഫിക്ക് സംവിധാനം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി നിരത്തുകളിൽ 'കീപ്പ് ടു ലെഫ്റ്റ്' എന്ന ബോർഡും നിയമലംഘകർക്ക് ആയിരം രൂപ പിഴ എന്ന സൂചനാ ബോർഡുകളും സ്ഥാപിച്ചിരുന്നു. മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായി വലിയ വാഹനങ്ങളും വേഗം കുറഞ്ഞവയും ഇടതുവശം ചേർന്നും ചെറുവാഹനങ്ങളും വേഗത്തിൽ പോകുന്നവയും വലതുവശം ചേർന്നും സഞ്ചരിക്കുന്നത് ശീലമാക്കിയിരുന്നു.

പരിശോധനയ്ക്കായി പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും നിയോഗിക്കുകയും ലംഘിക്കുന്നവർക്കെതിരെ പിഴയും ചുമത്തിയതോടെ റോഡ് നിയമങ്ങൾ പാലിക്കുകയും അപകടങ്ങൾ കുറയുകയും ചെയ്തിരുന്നു. നിലവിൽ പരിശോധനയില്ലാത്തത് നിയമലംഘനം വ്യാപകമാകുന്നതിന് കാരണമായിട്ടുണ്ട്. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് ഓരോ സ്റ്റേഷനുകളിൽ നിന്നും ചുമതലക്കാരെ നിയോഗിക്കുന്നത്. ഒന്നര മാസത്തോളമായി ഇത്തരത്തിൽ പൊലീസുകാരെ നിയോഗിക്കുന്നില്ല.

ആലുവ സബ് ആർ.ടി ഓഫീസ് പരിധിയിൽ മാത്രം ഒറ്റരാത്രിയിൽ നടന്ന വാഹന പരിശോധനയിൽ ലെയിൻ ട്രാഫിക് നിയമം ലംഘിച്ച 58 പേർക്കെതിരെ കേസെടുത്ത സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ സർക്കാരിന് പിഴയായും ലഭിച്ചിട്ടുണ്ട്. റോഡപകടങ്ങളിൽ 64 ശതമാനത്തിനും കാരണം ലെയിൻ ട്രാഫിക് പാലിക്കാത്തതാണെന്ന് റോഡ് സുരക്ഷാ അതോറിട്ടി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കിയത്.

നിരത്തുകളിൽ ലെയിൻ ട്രാഫിക് നിർദേശം പാലിക്കാതിരിക്കുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണ്. സ്പീഡ് നിയന്ത്രണ സംവിധാനങ്ങളുള്ള വാഹനങ്ങൾ ഇടത് വശത്തെ ട്രാക്കിലൂടെയാണ് സഞ്ചരിക്കേണ്ടത്. അവശ്യ സന്ദർഭങ്ങളിൽ മുന്നിലെ വാഹനം മറികടക്കാൻ മാത്രം സിഗ്നൽ നൽകി വലത്തെ ട്രാക്കിൽ പ്രവേശിക്കുകയും, തുടർന്ന് തിരികെ ഇടത് ട്രാക്കിലേക്ക് മടങ്ങി യാത്ര തുടരുകയും വേണമെന്നതാണ് ചട്ടം.