തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിൽ വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ മാലിന്യ നീക്കത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധിച്ചു. ചെയർപേഴ്സൺ, സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ എന്നിവർ കൗൺസിൽ തീരുമാനങ്ങളെ അട്ടിമറിക്കുന്നുവെന്നായിരുന്നു ആരോപണം.

നിലവിലുള്ള സംവിധാനപ്രകാരം 10 ഹരിത കർമ്മ സേനാംഗങ്ങൾ മൂന്നു വാർഡുകൾ വീതം കൃത്യമായി മാലിന്യം വീടുകളിൽ നിന്ന് ശേഖരിച്ച് എം.സി.എഫുകളിൽ എത്തിക്കുമായിരുന്നു. എന്നാൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം നഗരസഭാ കൗൺസിലർമാരെ അറിയിക്കാതെ കഴിഞ്ഞ 20 മുതൽ 20 പേരടങ്ങുന്ന ഹരിതകർമസേനാംഘങ്ങളെ പത്തു വാർഡുകളിലേക്ക് അയച്ച് ഒറ്റ ദിവസം കൊണ്ട് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന രീതി നടപ്പാക്കുകയും പദ്ധതി പാളിയതോടെ നിരവധി വാർഡുകളിൽ നിന്ന് മാലിന്യ ശേഖരണം നടക്കാതെ കെട്ടിക്കിടക്കുകയാണെന്ന് ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചു.

നഗരസഭയിലെ 15 വാർഡുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. സെക്രട്ടറിയുടെ പരിഷ്കാരത്തിൽ 98 പേരടങ്ങുന്ന ഹരിത കർമ്മ സേനാംഗങ്ങളും അസന്തുഷ്ടരാണ്. കൗൺസിൽ യോഗത്തിൽ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ പി.കെ. പീതാംബരൻ, കൗൺസിലർമാരായ മധുസൂദനൻ, അഡ്വ. പി.എൽ. ബാബു, രാധികവർമ്മ, സന്ധ്യാവാസുദേവൻ, സാവിത്രി നരസിംഹറാവു, കെ.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.