1
തകർന്ന ബോട്ട്ജെട്ടി

ഫോർട്ട് കൊച്ചി: മത്സ്യബന്ധന ബോട്ടിടിച്ച് ഫോർട്ടു കൊച്ചിയിലെ ബോട്ട് ജെട്ടി തകർന്നു. ഇന്നലെ പുലർച്ചെ മൂന്ന് മണിക്ക് എടവനക്കാട് സ്വദേശി ജയദീപിന്റെ ഉമ മഹേശ്വരൻ എന്ന ബോട്ടാണ് നിയന്ത്രണം വിട്ട് ജെട്ടിയി​ലി​ടി​ച്ചത്. ജെട്ടിയുടെ മേൽക്കൂരയും തുണും പ്ലാറ്റ് ഫോമും ഭാഗികമായി തകർന്നു. ജലഗതാഗത വകുപ്പ് ,നഗരസഭ വക യാത്ര ബോട്ടുകൾ, ടൂറിസ്റ്റ് ബോട്ടുകൾ എന്നിവ യാത്രക്കാരെ കയറ്റിയിറക്കുന്ന ജെട്ടിയാണിത്. മത്സ്യബന്ധന യാനത്തിലേക്ക് തൊഴിലാളികളെ കയറ്റുവാനെത്തിയതിനായിരുന്നു മത്സ്യ ബന്ധന ബോട്ട്. അപകടം നടന്നയുടൻ സംഭവ സ്ഥലത്തു നിന്നും നീക്കിയ ബോട്ട് തുടർന്ന് മുനമ്പം യാർഡിൽ നിന്ന് ഫിഷറീസ് എൻഫോഴ്സ്മെൻ്റ് ബോട്ട് കസ്റ്റഡിയിലെടുത്തു .കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസെറ്റിയുടെതാണ് ബോട്ട് ജെട്ടി. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. മത്സ്യ ബന്ധനത്തിന് പോകുന്ന യാനങ്ങളിലേക്കുള്ള തൊഴിലാളികളെ ഹാർബറു കളിൽ നിന്നാണ് കയറ്റേണ്ടത്. എന്നാൽ ഏതാനും ബോട്ടുകൾ ഫോർട്ടുകൊച്ചിയടക്കമുള്ള യാത്രാ ജെട്ടികളിൽ നിന്നും തൊഴിലാളികളെ കയറ്റിറക്കു നടത്തുന്നതിനെതിരെ പരാതി ഉയർന്നിരുന്നു. ജില്ലാ കളക്ടർ ഇത് നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും അത് ലംഘിക്കപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു.