
കൊച്ചി: പത്തുവർഷത്തിനകം രാജ്യത്തെ മുഖ്യമന്ത്രിമാരിൽ 50 ശതമാനത്തിലേറെയും വനിതകളാവണമെന്നാണ് ആഗ്രഹമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
മറൈൻഡ്രൈവിൽ മഹിളാകോൺഗ്രസ് സംസ്ഥാന കൺവെൻഷൻ-'ഉത്സാഹ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാരംഗത്തും വനിതകൾക്ക് അവസരമൊരുക്കും.
വനിതാ ശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുകയും വനിതകളോട് അടിമത്തസമീപനം പുലർത്തുകയും ചെയ്യുന്ന ആർ.എസ്.എസിനും ബി.ജെ.പിക്കും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം മാത്രമേ അറിയൂ. വനിതാസംവരണബിൽ പാസാക്കുകയും പത്തുവർഷത്തിനുശേഷം നടപ്പാക്കുമെന്നും പറയുന്നവരുടെ നയമെന്തെന്ന് വ്യക്തമാണ്. മതം, രാഷ്ട്രീയം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം ശക്തമാകുന്ന രാജ്യത്ത് ഇരകളിലേറെയും സ്ത്രീകളാണ്. ഈ അവസ്ഥ മാറ്റാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്.ഇന്ന് പീഡനങ്ങൾ വ്യാപകമാകുകയും അത് വസ്ത്രധാരണത്തിന്റെ പ്രശ്‌നമാണെന്ന് ന്യായീകരിക്കുകയും ചെയ്യുന്നവരാണുള്ളത്. പുരുഷകേന്ദ്രീകൃത ആർ.എസ്.എസിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല.
. ബി.ജെ.പിക്കാരിൽനിന്നും കമ്മ്യൂണിസ്റ്റുകാരിൽ നിന്നും നിങ്ങൾ എന്തുകൊണ്ട് വ്യത്യസ്തരാകുന്നുവെന്ന് കോൺഗ്രസുകാരോട് ചോദിച്ചാൽ വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കടതുറക്കുന്നവരാണെന്ന് മറുപടി നല്കണമെന്നും പറഞ്ഞു.
കൺവെൻഷനിൽ മഞ്ചേശ്വരംമുതൽ പാറശാലവരെയുള്ള അമ്പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, ഹൈബി ഈഡൻ എം.പി, മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി, കോൺഗ്രസ് പ്രവർത്തക സമിതിഅംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
തിരഞ്ഞെടുപ്പ് ഇരമ്പമായി മഹിളാ കോൺഗ്രസ് കൺവെൻഷൻ
മറൈൻഡ്രൈവിൽ നടന്ന മഹിളാ കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ ഉത്സാഹിന്റെ വൻവിജയം പകർന്ന ആവേശവുമായി ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോൺഗ്രസ്. എല്ലാ പോഷകസംഘടനകളെയും സജീവമാക്കി പുതിയ വോട്ടർമാരെ ഉൾപ്പെടെ ആകർഷിക്കാൻ ബൂത്തുതലങ്ങൾ മുതൽ ശ്രദ്ധകേന്ദ്രീകരിക്കും.
മഞ്ചേശ്വരം മുതൽ പാറശാലവരെയുള്ള വനിതാകോൺഗ്രസ് പ്രവർത്തകരെ പങ്കെടുപ്പിച്ച് കഷ്ടിച്ച് ആറു മാസംകൊണ്ടാണ് കൺവെൻഷൻ നടത്തിയത്. തിങ്ങിനിറഞ്ഞ സദസ് ദേശീയ നേതാക്കൾക്ക് പകർന്ന ആത്മവിശ്വാസം ചെറുതല്ല. സേവാദൾ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു തുടങ്ങിയ എല്ലാ ഘടകങ്ങളെയും ഒരുപോലെ സജീവമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ മുന്നേറ്റം നടത്താനാകുമെന്നാണ് പ്രതീക്ഷ. ബൂത്തുകളിൽ മഹിളാ സ്ക്വാഡുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്യും. ബൂത്ത്, മണ്ഡലം, ജില്ലാ തലങ്ങളിലടക്കം സമ്മേളനങ്ങളും വീടുകൾ കേന്ദ്രീകരിച്ച് ക്യാമ്പയിനും നടത്തും.
ഭിന്നതകൾ മറന്ന് പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. നവകേരളസദസ് രാഷ്ട്രീയ പ്രചാരണയാത്രയാക്കിയ സി.പി.എമ്മിനെ നേരിടാൻ ആദ്യഘട്ടത്തിൽത്തന്നെ നീക്കം നടത്തിയില്ലെങ്കിൽ തിരിച്ചടി നേരിടുമെന്ന ആശങ്ക പല നേതാക്കൾക്കുമുണ്ട്.
പ്രചാരണത്തിന് രാഹുൽ ഉൾപ്പെടെയുള്ള ഗ്ലാമർ നേതാക്കൾ കേരളത്തിലെത്തുമെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു. ലീഗിന്റെ പിന്തുണയില്ലെങ്കിൽ മലബാറിലെ പല മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാനാവില്ലെന്നതിനാൽ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കും. അടിയൊഴുക്കുകൾ ശക്തമായാലും നിലവിലുള്ള മുന്നണിയിൽ മാറ്റമുണ്ടാകില്ലെന്നാണ് പൊതുവേയുള്ള ആത്മവിശ്വാസമെങ്കിലും അങ്ങനെയൊരു സാഹചര്യംകൂടി മുന്നിൽക്കണ്ട് നീക്കങ്ങൾ നടത്തണമെന്നു കരുതുന്ന ഒരു വിഭാഗവുമുണ്ട്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും തീവ്രനിലപാടുകൾക്ക് ബദലായി കോൺഗ്രസിന് സ്വീകാര്യത വർദ്ധിച്ചതായും ഇവർ വിലയിരുത്തുന്നു. സാമുദായിക സംഘടനകളുമായുള്ള ഭിന്നതകൾ പരിഹരിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കും.